തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംരക്ഷിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി അജണ്ടയുമായി തനിക്ക് ബന്ധമില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചരിത്രകാരന്‍ ഇര്‍ഫാന്‍ മുഹമ്മദ് തന്റെ എ.ഡി.സിയെ കൈയേറ്റം ചെയ്തുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്ന് ഗവര്‍ണര്‍ നേരത്തെ ആരോപിച്ചിരുന്നു. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് ഒരു മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചുവെന്ന് ചാനല്‍ അഭിമുഖത്തില്‍ ഗവര്‍ണര്‍ ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ ആദ്യം ഇര്‍ഫാന്‍ ഹബീബിന്റെ പേരില്ലായിരുന്നു. അവസാന നിമിഷമാണ് രണ്ട് പേരെ കൂടുതലായി ഉള്‍പ്പെടുത്തിയത്. ഒന്നര മണിക്കൂര്‍ അവര്‍ പറഞ്ഞത് താന്‍ കേട്ടിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂരിലെ സംഭവങ്ങളുടെ ഉത്തരവാദിത്തം വൈസ് ചാന്‍സ്ലര്‍ക്കാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയില്‍ കഴിഞ്ഞ 15 ദിവസമായി സമരക്കാരുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്. എന്നാല്‍ തുടര്‍ച്ചയായി സമരം സംഘടിപ്പിക്കുന്നതല്ലാതെ ആരും ചര്‍ച്ചയ്ക്ക് വരുന്നില്ലെന്ന് ഗവര്‍ണര്‍ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍, പാര്‍ലമെന്റ് പാസാക്കിയ നിയമം ഗാന്ധിജി നല്‍കിയ ഉറപ്പിന്റെ പാലനമാണെന്നും അവകാശപ്പെട്ടു.

പ്രതിഷേധക്കാര്‍ വ്യവസ്ഥിതിയിലും ഭരണഘടനയിലും വിശ്വസിക്കണം. ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞ പാലിക്കും. പാര്‍ലമെന്റ് പാസാക്കിയ നിയമത്തോട് യോജിപ്പില്ലെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കും. നിയമത്തോട് യോജിക്കുന്നുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. നിരുത്തരവാദപരമായ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.