ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലിഫ്റ്റ് നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴയിട്ട് പൊലീസ്. രാജസ്ഥാനിലെ ജഹസ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എയായ ധീരജ് ഗുര്‍ജാറിനാണ് പിഴ ലഭിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് കാണിക്കാതിരുന്നതിന് 2500 രൂപ, ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക്ക് നിയമം പാലിക്കാത്തതിന് 300 രൂപ, നമ്ബര്‍ പ്ളേറ്റിലെ പിഴവിന് 300 രൂപ, ശ്രദ്ധയില്ലാതെ വാഹനമോടിച്ചതിന് 2500 രൂപ എന്നിങ്ങനെയാണ് ഗുര്‍ജാറിന് പിഴ ലഭിച്ചിരിക്കുന്നത്.

ഗുര്‍ജാറും പ്രിയങ്ക ഗാന്ധിയും ഹെല്‍മെറ്റ് ധരിക്കാത്തതാണ് പ്രധാന പിഴവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. വാഹനത്തില്‍ സഞ്ചരിക്കുന്ന സമയത്ത് ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. പൗരത്വപ്രതിഷേധത്തിനിടെ യു.പിയില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തക സദഫ് ജഫാറിന്റെയും മുന്‍ ഐ.പി.എസ്. ഓഫീസര്‍ എസ്.ആര്‍. ദാരാപുരിയുടേയും വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യു.പി പൊലീസ് തടഞ്ഞതോടെയാണ് പ്രിയങ്ക ഗുര്‍ജാറിന്റെ സ്കൂട്ടറില്‍ കയറിയത്. ഒരു വനിതാ പൊലീസുകാരി വഴിയില്‍ തടഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച്‌ റോഡില്‍ തള്ളിയിട്ടതായും പ്രിയങ്ക ഗാന്ധി പരാതി പറഞ്ഞിരുന്നു. എന്നാല്‍ യു.പി പൊലീസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.