കോഴിക്കോട്: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം 31 ന് സമര്‍പ്പിക്കും. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രമാണിത്. കേസില്‍ ജോളി ഉള്‍പ്പെടെ നാലു പ്രതികളാണുളളത്. റോയ് തോമസിന്റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും, താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും, സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്.

ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം ഈ കുറ്റപത്രം തയ്യാറാക്കിയത്.