ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം ചെന്നൈയില്‍ കോലം വരച്ച്‌ പ്രതിഷേധിച്ചതിന് നാല് സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

‘കോലം വരച്ചതിന് പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുന്നുണ്ടോ? ചെന്നൈയിലുള്ള എല്ലാ സുഹൃത്തുക്കളോടും കോലം വരച്ച്‌ പ്രതിഷേധിക്കാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ചെന്നൈയിലെ ബസന്ത് നഗറിലാണ് സംഭവം നടന്നത്. അറസ്റ്റിലായവരെ പോലീസ് ബസന്ത് നഗറിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ഫോണ്‍ അടക്കം പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. അതേസമയം ഇവരെ ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ അഭിഭാഷകരെയും പോലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരാണ് ജാമ്യാപേക്ഷയുമായി എത്തിയത്.