ബംഗലൂരു : ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സ്വാമി അന്തരിച്ചു. 88 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു വിശ്വേശ്വര തീര്‍ത്ഥയെ, ശ്വാസതടസ്സം അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ മാസം 20 നാണ് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം കലശലായതോടെ, വിശ്വശ്വര തീര്‍ത്ഥ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സ്വാമിയുടെ രോഗമുക്തിക്കായി ഇന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ പ്രതേക പ്രാര്‍ത്ഥന ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഉഡുപ്പി അജ്ജാര്‍ക്കാട് മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബംഗളൂരുവില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആത്മീയരംഗത്തിന് പുറമെ, സാമൂഹ്യസേവന രംഗത്തും, വിദ്യാഭ്യാസ രംഗത്തും വിശ്വശ്വര തീര്‍ത്ഥ സ്വാമിയുടെ സംഭാവനകള്‍ പ്രശസ്തമാണ്. രാമജന്മഭൂമി മൂവ്‌മെന്റിലും സ്വാമി നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ട്.

സ്വാമിയുടെ ആരോഗ്യനില വഷളായി എന്നതറിഞ്ഞതോടെ, തീരമേഖലയില്‍ പര്യടനം നടത്തുകയായിരുന്ന കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പര്യടനം വെട്ടിച്ചുരുക്കി ആശുപത്രിയിലെത്തി സ്വാമിയെ കണ്ടു. സ്വാമിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. സ്വാമിക്കൊപ്പം മുമ്ബ് ചെലവഴിച്ച നിമിഷങ്ങളും അനുശോചന സന്ദേശത്തില്‍ മോദി അനുസ്മരിച്ചു.