ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേപ്രതിഷേധിച്ചവരോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട പോലീസുകാരനെതിരെ അടിയന്തര നടപടി എടുക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ മീററ്റ് എസ്.പിപ്രതിഷേധക്കാരോട് വര്‍ഗീയ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.

വീഡിയോയിലുള്ള ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ അപലപിക്കുന്നു. അടിയന്തരമായി ആ പോലീസുകാരനെതിരെ നടപടി വേണം. നഖ്‌വി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

അക്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല. അതൊരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാക്കാന്‍ സാധിക്കില്ല. നിരപരാധികളെ ബുദ്ധിമുട്ടിലാക്കാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

മീററ്റ് എസ്.പി. അഖിലേഷ് നാരായണ്‍ സിങ്ങാണ് പ്രതിഷേധക്കാര്‍ക്കെതിരേ വര്‍ഗീയച്ചുവയോടെ സംസാരിച്ചത്. വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞു മടങ്ങുന്ന ചിലരെ സമീപിച്ച സിങ്, പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്കു പോകാന്‍ പറയുന്നതാണ് ദൃശ്യം. ഓരോവീട്ടില്‍നിന്നും ഒരാളെവീതം ജയിലിലടയ്ക്കുമെന്നും എല്ലാവരെയും നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. സിങ്ങിന്റെ പരാമര്‍ശം കടുത്തുപോയെന്നു പറഞ്ഞ എ.ഡി.ജി.പി. പ്രശാന്ത് കുമാര്‍ അദ്ദേഹം പരമാവധി സംയമനം പാലിച്ചിട്ടുണ്ടെന്നുമാണ് പ്രതികരിച്ചത്.