തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസിനെതിരായ പരാതിയില്‍ നിന്നും സി.പി.എം അടക്കം പിന്മാറിയെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. തന്നെ പ്രകോപിപ്പിക്കുകയായിരുന്നു പരാതിക്കാരുടെ ലക്ഷ്യം. പരാതിയിലൂടെ തന്നെ ഉപയോഗിക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ പരാതിക്കാര്‍ പിന്മാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ വിഡ്ഢികളല്ല, അവര്‍ക്ക് എല്ലാം മനസിലാവും. പ്രത്യേകിച്ചു കേരളത്തിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ മതം ഉപയോഗിക്കുന്നത്‌ ഇഷ്ടമല്ല. ഇതിനുള്ള സൂചന ജനം തന്നെ നല്‍കിയതാണ്. രാഷ്ട്രീയക്കാര്‍ ഇതില്‍ നിന്നും പിന്മാറുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതായും ടിക്കാറാം മീണ വ്യക്തമാക്കി. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് സ്വീകരിച്ചിരുന്ന എന്‍.എസ്.എസ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ശരിദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു.

ശരിദൂരം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമെന്നറിയിച്ച്‌ വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് നേതാക്കള്‍ പ്രചാരണം നടത്തുകയും ചെയ്തു. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍, നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ എല്‍.ഡി.എഫും സമസ്ത നായര്‍ സമാജവും പരാതി നല്‍കിയിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ടിക്കാറാം മീണ സംസ്ഥാന പൊലീസ് മേധാവിയോടും,​ തിരുവനന്തപുരം ജില്ലാ കളക്ടടറോടും നിര്‍ദ്ദേശിച്ചിരുന്നു.