തൃശ്ശൂര്‍ കൊരട്ടിയില്‍ വച്ചാണ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന യുവതിയുടെ കാറിന്‍റെ ടയര്‍ പഞ്ചറായത്. രാത്രി ആരും സഹായിക്കാനില്ലാതെ നടു റോഡില്‍ നിന്ന യുവതി രണ്ടും കല്‍പ്പിച്ച്‌ എമര്‍ജന്‍സി നമ്ബറായ 112 ല്‍ വിളിച്ചു. തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്നും കൊരട്ടി പൊലീസ് സ്റ്റേഷനിലേയ്ക്ക് സന്ദേശം പാഞ്ഞു. പത്തുമിനിട്ടിനകം തന്നെ കൊരട്ടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. സ്പെയര്‍ ടയര്‍ ഘടിപ്പിക്കുന്നതിന് മെക്കാനിക്കിന്‍റെ സഹായം ആവശ്യമാണെന്നു മനസ്സിലാക്കിയപ്പോള്‍ പോലീസ് സംഘം മെക്കാനിക്കിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ടയര്‍ മാറ്റി ഘടിപ്പിച്ചു. മറ്റ് ടയറുകളില്‍ ആവശ്യത്തിന് കാറ്റില്ലെന്ന് സംശയം തോന്നിയതിനാല്‍ ഏകദേശം നാലു കിലോമീറ്റര്‍ അകലെയുള്ള വര്‍ക്ക് ഷോപ്പിലേയ്ക്ക് കാര്‍ കൊണ്ടുപോകാമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. അങ്ങനെ ശബ്നയും പോലീസ് സംഘവും വര്‍ക്ക് ഷോപ്പിലെത്തി കട തുറപ്പിച്ച്‌ ടയറുകള്‍ പരിശോധിച്ചു. കാറ്റ് പോയ ടയറിന്‍റെ കേടുപാടുകള്‍ നീക്കി.

കടലുണ്ടി സ്വദേശിനിയായ ശബ്ന എന്ന യുവതിക്കാണ് പോലീസിന്‍റെ പുതിയ സ്ത്രീസുരക്ഷാ പദ്ധതിയായ നിഴല്‍ മുഖേന സഹായം ലഭിച്ചത്. സംഭവം വിവരിച്ച്‌ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റര്‍ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. വലിയ അഭിനന്ദനമാണ് പൊലീസിന്‍റെ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.