ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രംപ് വീണ്ടും അധികാരം പിടിക്കാനുള്ള കരുക്കള്‍ നീക്കുകയാണ്. എന്നാല്‍ അദ്ദേഹം വീണ്ടും അമേരിക്കന്‍ പ്രസിഡന്റായാല്‍ താന്‍ ഒപ്പമുണ്ടാകില്ല എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാന്‍ക.

തന്റെ പിതാവ് 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ താന്‍ ഔദ്യോഗികസ്ഥാനങ്ങള്‍ വഹിക്കില്ലെന്നായിരുന്നു ഇവാന്‍ക സിബിഎസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭരണപരമായ ചുമതലകളില്‍ തുടരുമോ എന്ന ചോദ്യത്തിനായിരുന്നു ഇവാന്‍കയുടെ മറുപടി.

അതേസമയം, രാഷ്ട്രീയത്തില്‍ തനിക്ക് അത്ര താത്പര്യമില്ലെന്നും ഇവാന്‍ക പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും ഇവാന്‍ക വ്യക്തമാക്കി. ഒരുപാട് കാര്യങ്ങള്‍ ചെയ്തെന്നും പക്ഷേ, അതില്‍ ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നുമായിരുന്നു അവരുടെ മറുപടി.

ഇവാന്‍കയും ഭര്‍ത്താവ് ജാറേഡ് കുഷ്നറും 2017 മുതല്‍ പ്രസിഡന്റിന്റെ ഉപേദേശകരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫാഷന്‍ ഡിസൈനര്‍, വ്യവസായി എന്നീ നിലകളിലും പ്രശസ്തയായ ഇവാന്‍കയ്ക്ക് മൂന്നുമക്കളാണുള്ളത്. മക്കളുടെ ഇഷ്ടത്തിന് മാത്രമേ താന്‍ പ്രവര്‍ത്തിക്കൂ എന്ന് ഇവാന്‍ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഒരു പക്ഷെ മാതാവിന്റെ തിരക്കു നിറഞ്ഞ ജീവിതം മക്കള്‍ക്ക് ദുസഹമായതു കൊണ്ടാകാം ഇവാന്‍കയുടെ പുതിയ തീരുമാനം.