സംസ്ഥാനസര്‍ക്കാരിന്റെ വൃദ്ധസദനത്തില്‍ നടക്കുന്ന ആദ്യവിവാഹത്തിന് തൃശൂര്‍ വൃദ്ധസദനം വേദിയായി. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കപ്പുറം 67കാരന്‍ കൊച്ചനിയനും 66കാരി ലക്ഷ്മി അമ്മാളുമാണ് പ്രണയ സാഫല്യം നേടിയത്.

ഒരു കാലത്ത് കൊച്ചനിയന്‍ മേനോന്‍ അമ്മാളിന്റെ ഭര്‍ത്താവ് കൃഷ്ണയ്യരുടെ സഹായിയായിരുന്നു. കൃഷ്ണയ്യരുടെ മരണശേഷം അമ്മാളിന്റെ ഏക ആശ്രയവും കൊച്ചനിയനായിരുന്നു. പിന്നീട് ശാരീരിക അവശതകളുള്ള അമ്മാളിനെ രാമവര്‍മപുരത്തെ വൃദ്ധസദനത്തില്‍ സുരക്ഷിതയാക്കി എത്തിച്ച ശേഷം കൊച്ചനിയന്‍ വഴിപിരിഞ്ഞു. ഒടുവില്‍ അസുഖബാധിതനായി മറ്റൊരു ആശ്രയകേന്ദ്രത്തില്‍ കൊച്ചനിയനും തളക്കപ്പെട്ടു. അവിചാരിതമായാണ് കൊച്ചനിയനെ രാമവര്‍മപുരത്ത് അധികൃതര്‍ എത്തിക്കുന്നത്. നേരില്‍ കണ്ടതോടെ അമ്മാളും കൊച്ചനിയനും പരസ്പരം തിരിച്ചറിഞ്ഞു. ഒടുവില്‍ ആ ബന്ധം വിവാഹത്തിലെത്തി.

സര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് വിവാഹം നടത്തിയത്. ദമ്ബതികള്‍ക്കായി വൃദ്ധസദനത്തില്‍ പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്. അന്തേവാസികളുടെയും മംഗളങ്ങള്‍ നേരാനെത്തിയവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. നഷ്ടപ്പെട്ട സ്‌നേഹവും സൗഹൃദവും തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഇനിയുള്ള കാലം പരസ്പരം താങ്ങായും തണലായും ഇരുവരും ജീവിക്കും.