ഡാലസ്സ് മണ്ഡല വ്രതാരംഭത്തില്‍ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി, മഹാ മണ്ഡല പൂജ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ ശ്രി ധര്‍മശാസ്താ സന്നിധിയില്‍ ശനിയാഴ്ച നടത്തപെടുന്നു.
അതിരാവിലെ സ്പിരിച്യുല്‍ ഹാളില്‍ ആരംഭിക്കുന്ന ഗണപതി ഹോമത്തോടെ പൂജാദി കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. വൃതാനുഷ്ഠാനങ്ങോളോടെ മുദ്രമാല അണിഞ്ഞ അയ്യപ്പന്മാരും, മാളികപ്പുറങ്ങളും ഇരുമുടി കെട്ടുകള്‍ നിറക്കുമെന്ന് ഗുരുസ്വാമി സോമന്‍നായര്‍ അറിയിച്ചു. പിന്നീട്, ഇരുമുടി ശിരസ്സില്‍ വഹിച്ച് ശരണ ഘോഷങ്ങളുമായി, കാനനയാത്രയെ അനുസ്മരിപ്പിക്കുന്ന ശരണയാത്ര ക്ഷേത്രത്തിനുള്ളില്‍ എത്തിച്ചേരും.
കലശ പൂജകളും, വിഗ്രഹ അലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ, വടക്കേടത്ത് ഗിരീശന് തിരുമേനിയും, ഇരിഞ്ഞാടപ്പള്ളി പദ്മനാഭന് തിരുമേനിയും നിര്‍വഹിക്കും. പ്രപഞ്ചമായി നിലകൊള്ളുന്ന ഭഗവല്‍ ചൈതന്യത്തെ ശ്രി ധര്‍മ്മശാസ്താവിന്റെ രൂപത്തില്‍ മനസ്സില്‍ സങ്കല്പിച്ച് , ആവാഹിച്ച് മുന്നിലുള്ള സിംഹാസനത്തില്‍ ഇരുത്തിയതിനു ശേഷം, നിലവിളക്ക് തെളിയിച്ച് , വിളക്കില്‍ പുഷ്പദളങ്ങള്‍ ഓരോ ഉപചാരങ്ങള്‍ അര്‍പ്പിക്കുന്നു എന്ന് സങ്കല്‍പ്പിച്ച് നിര്‍വഹിച്ച, വിളക്കു പൂജ, ഡിസംബര്‍ 21 ന് നടത്തപെട്ടു.
ക്ഷേത്രത്തിലെ അയ്യപ്പ ഭജന സംഘം അനേകം ഭവനങ്ങളില്‍ അയ്യപ്പ ഭജന നടത്തിയത് ഈ വര്‍ഷത്തെ മണ്ഡല കാലത്തെ കൂടുതല്‍ ധന്യമാക്കി എന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് സന്തോഷ് പിള്ള അഭിപ്രായപെട്ടു.
ശ്രി ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ അയ്യപ്പ സന്നിധാനത്തില്‍, ഡാലസ്സ് പ്രദേശത്തു വസിക്കുന്ന, ദക്ഷിണ ഭാരതത്തിലെ എല്ലാ അയ്യപ്പ ഭക്തരും എത്തിച്ചേരുന്നതായി കേരളാ ഹിന്ദുസൊസൈറ്റി ചെയര്മാന് രാജേന്ദ്ര വാരിയര്‍ അറിയിച്ചു.
വൃതാനുഷ്ടാനങ്ങളോടെ മുദ്രമാല അണിയുമ്പോള്‍, ഭക്തരും, ഭഗവാനും ഒന്നായിത്തീരുന്നു എന്ന തത്വം, അയ്യപ്പ ചൈതന്യത്തിലേക്ക് അനേകം ഭക്തരെ ആകര്‍ഷിച്ചു കൊണ്ടേയിരിക്കുന്നു. കേരളത്തനിമയില്‍ പൂജാദികര്‍മ്മങ്ങള്‍ അര്‍പ്പിച്ചു, അഷ്ടദ്രവ്യ അഭിഷേകത്താല്‍ വിളങ്ങിനില്ക്കുന്ന അയ്യപ്പ ദര്‍ശനം ഡിസംബര്‍ 28 ന് എല്ലാ അയ്യപ്പ ഭക്തര്‍ക്കും ദര്‍ശിക്കാന്‍ സാധിക്കും.
മഹാമണ്ഡല പൂജകളില്‍ പങ്കെടുത്ത് കലിയുഗവരദന്റെ അനുഗ്രഹാശ്ശിസ്സുകള്‍ ഏറ്റു വാങ്ങാന്‍ എല്ലാ ഭക്തജനങ്ങളൂം എത്തിചേരണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.