മണര്‍കാട്: വളര്‍ത്തുനായയെ ബൈക്കിനു പിന്നില്‍ നിര്‍ത്തി ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത വാഹന ഉടമയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നടപടി. ഹെല്‍മറ്റ് ധരിക്കാത്തതിനും വളര്‍ത്തുമൃഗത്തെ അപകടകരമായ രീതിയില്‍ പൊതുനിരത്തില്‍ കൂടി യാത്ര ചെയ്യിച്ചതിനും വാഹന ഉടമയ്ക്ക് ഇന്ന് നോട്ടിസ് അയയ്ക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്‍ടിഒ ടോജോ.എം.തോമസ് പറഞ്ഞു.

മണര്‍കാട് ഭാഗത്ത് എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് ബൈക്കിനു പിന്നില്‍ വളര്‍ത്തുനായെയെ നിര്‍ത്തി യാത്ര ചെയ്യുന്നതു കണ്ടത്. ബൈക്ക് പെട്ടെന്നു നിര്‍ത്തിച്ചാല്‍ അപകടം ഉണ്ടാകുമെന്നു കരുതി ഉദ്യോഗസ്ഥര്‍ ഇതിനു തുനിഞ്ഞില്ല. ബൈക്കിനു പിന്നാലെ യാത്ര ചെയ്തു സ്ക്വാഡിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാബുവിന്റെ നേതൃത്വത്തില്‍ വീഡിയോ പകര്‍ത്തിയാണ് വാഹന ഉടമയ്ക്കെതിരെ കേസെടുത്തത്.