കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യത. പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച്‌ പ്രസ്താവന നടത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം.

അതേസമയം, ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ കെ സുധാകരന്‍ എംപിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും ചരിത്ര കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കും. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ഗവര്‍ണര്‍ ആരിഫ് ഖാന്‍ അഭിപ്രായം പറഞ്ഞ സാഹചര്യത്തിലാണിത്. കണ്ണൂര്‍ സര്‍വ്വകലാശാല ക്യാംപസിലാണ് ദേശീയ ചരിത്ര കോണ്‍ഗ്രസ് ആരംഭിക്കുന്നത്.