ഓറിഗണ്‍: ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കൈമാറുന്ന ക്രിസ്മസ് സീസണില്‍ ഓറിഗണില്‍ ഒരു മുത്തഛന്‍ തന്റെ പേരക്കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് ഒരു സ്‌കൂള്‍ ബസ്. ഡഗ് ഹെയ്‌സ് എന്ന മുത്തഛനാണ് വേറിട്ടൊരു സമ്മാനം നല്‍കി തന്റെ പത്ത് പേരക്കുട്ടികളെ അത്ഭുതപ്പെടുത്തിയത്.

ഓറിഗണിലെ ഗ്ലാഡ്‌സ്‌റ്റോണില്‍ കത്തോലിക്കാ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും വരാനുമാണ് അവര്‍ക്ക് സ്വന്തമായി ഒരു സ്‌കൂള്‍ ബസ് നല്‍കിയതെന്ന് ഡഗ് ഹെയ്‌സ് പറയുന്നു.

ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ‘ഗ്രാന്‍ഡ് ഫാദര്‍ എക്‌സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ബസ് ഹെയ്‌സ് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയതെന്ന് കെജിഡബ്ല്യു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ അവധിക്കാലത്തും കുടുംബം പല സ്ഥലങ്ങളിലും ഉല്ലാസ യാത്ര പോകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം സ്‌കൂള്‍ ആരംഭിച്ചതു മുതല്‍ അവര്‍ നേരിടുന്ന യാത്രാ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നു തോന്നിയതാണ് ബസ് വാങ്ങിക്കാന്‍ കാരണമെന്ന് മുത്തഛന്‍ ഹെയ്‌സ് പറഞ്ഞു. തന്നെയുമല്ല, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാവുന്ന ഒന്നാവണം സമ്മാനം എന്നും തോന്നി.

ഹെയ്‌സിന്റെ കൊച്ചുമക്കളില്‍ അഞ്ചുപേര്‍ക്ക് ഇതുവരെ സ്‌കൂളില്‍ ചേരാന്‍ പ്രായമായില്ലെങ്കിലും മറ്റ് അഞ്ച് പേരും ഗ്ലാഡ്‌സ്‌റ്റോണിലെ പെഡിയ ക്ലാസിക്കല്‍ ക്രിസ്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഈ അര്‍ദ്ധദിന സ്‌കൂള്‍ കിന്റര്‍ഗാര്‍ടന്‍ മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായ ഒരു പാഠ്യപദ്ധതിയാണ് നല്‍കുന്നത്.  അവര്‍ അവിടെ ചെലവഴിക്കുന്ന നാല് മണിക്കൂറുകള്‍ക്ക് പുറമേ വീട്ടില്‍ സ്വയം ചെയ്യാവുന്ന പഠന സമ്പ്രദായമാണ് സ്‌കൂള്‍ നല്‍കിയിരിക്കുന്നത്.

സ്‌കൂളിന്റെ വെബ്‌സൈറ്റ് അതിന്റെ ‘ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍’ മൂല്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്റ്റാഫുകളും മാതാപിതാക്കളും ‘ലൈംഗിക നൈതികതയുടെ ഒരു പ്രസ്താവനയില്‍’ ഒപ്പിടാന്‍ ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നടപ്പിലാക്കുന്നു. ഈ ചെറിയ സ്വകാര്യ വിദ്യാലയം വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ ബസ്സുകള്‍ ഏര്‍പ്പെടുത്താന്‍ തക്ക വരുമാനമില്ലാത്തതാണെന്ന് കെജിഡബ്ല്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ കുട്ടികളും 20 മിനിറ്റ് െ്രെഡവിനുള്ളിലാണ് താമസിക്കുന്നതെന്നും, സ്‌കൂള്‍ തന്റെ വീട്ടില്‍ നിന്ന് മൂന്ന് മൈല്‍  അകലെയാണെന്നും, അതിനാല്‍ രാവിലെ കുട്ടികളെ പിക്ക്അപ് ചെയ്യാനും തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരാനുമുള്ള റൂട്ട് തയ്യാറാക്കുന്നത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു.

ജനുവരിയില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ ‘ഗ്രാന്‍ഡ് ഫാദര്‍ എക്‌സ്പ്രസില്‍’ യാത്ര ചെയ്യാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കെജിഡബ്ല്യു റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ആദ്യം ഭാര്യയുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ് ബസ് വാങ്ങാനുള്ള ആശയം വന്നതെന്ന് ഹെയ്‌സ് സിഎന്‍എന്നിനോട് പറഞ്ഞു. തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ കൊച്ചുമക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഒരു വഴി കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ക്രമേണ, എല്ലാ ദിവസവും രാവിലെ അവരെ സ്‌കൂളിലേക്ക് കൊണ്ടുപോകുക എന്ന ആശയമാണ് പരിഹാരമായി ഉയര്‍ന്നുവന്നത്.

അനുയോജ്യമായ ഒരു സ്‌കൂള്‍ ബസ് കണ്ടെത്താന്‍ ഒരു മാസമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.  വാഹനം വാങ്ങിയ ശേഷം എല്ലാ സീറ്റുകളിലും സുരക്ഷാ ബെല്‍റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം രണ്ട് കുട്ടികള്‍ കൂടി സ്‌കൂളില്‍ ചേരും. അപ്പോള്‍ മൊത്തം യാത്രക്കാരുടെ (കുട്ടികളുടെ) എണ്ണം ഏഴാകും. ക്രമേണ, കൊച്ചുമക്കളില്‍ പത്തുപേരേയും എല്ലാ ദിവസവും ‘മുത്തച്ഛന്‍ എക്‌സ്പ്രസില്‍’ സ്‌കൂളിലേക്ക് കൊണ്ടുപോകും.

പേരക്കുട്ടികളുമായി ഏറെ അടുക്കാനും അവരുമായി കൂടുതല്‍ സമയം ചെലവഴിക്കാനും ഒരു വഴി കണ്ടെത്തിയ സന്തോഷത്തിലാണ് ഡഗ് ഹെയ്‌സ്.

ബസ് സമ്മാനമായി നല്‍കുന്ന വീഡിയോ: https://youtu.be/dHevvU8QmVY