ആലപ്പുഴ: സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നു വരെ നൈറ്റ് വാക്ക് അഥവ രാത്രി നടത്തം സംഘടിപ്പിക്കുന്നു. ‘പൊതുയിടം എന്‍റേതും’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ജില്ല വനിതാ ശിശു വികസന ഓഫീസിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി.

രാത്രികാലങ്ങളില്‍ പുറത്തു ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതും രാത്രികാലങ്ങളില്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ട് വരുന്ന സാമൂഹ്യ വിരുദ്ധരുടെ സാഹചര്യം ഒഴിവാക്കുക എന്നതും നൈറ്റ് വാക്ക് ലക്ഷ്യമിടുന്നു. അപകട സാഹചര്യങ്ങളില്‍ വിവരങ്ങള്‍ അപ്പോള്‍ തന്നെ പൊലീസിന് കൊടുക്കുകയും അവര്‍ക്കതിരെ കേസെടുത്തു കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് സമൂഹത്തെ ബോധവത്കരിക്കുക എന്നതും ലക്ഷ്യമിടുന്നു.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് മുന്‍സിപ്പല്‍ നഗരങ്ങളില്‍ ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് നൈറ്റ് വാക്ക് നടക്കുക. രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം വനിത ദിനമായ മാര്‍ച്ച്‌ എട്ടുവരെ ജില്ലയിലെ മറ്റു പല ഭാഗങ്ങളിലും അറിയിക്കാതെ ആഴ്ച തോറും സംഘടിപ്പിക്കും.