ആ​ല​പ്പു​ഴ: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്. മാവേലിക്കര ഭരണിക്കാവ് സ്വദേശി ദീപയെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭ​ര്‍​ത്താ​വി​നോ​ട് വ​ഴ​ക്കി​ട്ട ശേ​ഷം കു​ഞ്ഞി​നെ വി​ഷം ന​ല്‍​കി കൊ​ന്നെ​ന്നാ​ണ് കേ​സ്.

2011 ജനുവരി 19നാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ ദീപ പത്ത് മാസം പ്രായമായ മകന് വിഷം നല്‍കി. ശേഷം ദീപയും വിഷം കുടിച്ചു. സംഭവം കണ്ട വീട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു.

ഭര്‍ത്താവിന്റെ പരാതിയില്‍ മാവേലിക്കര പോലീസ് ദീപക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.കെ രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. 12 സാക്ഷികളെ വിസ്തരിച്ച ശേഷമായിരുന്നു വിധി.