ന്യൂഡല്‍ഹി: ആഭ്യന്തര വളര്‍ച്ച ദുര്‍ബലമായിട്ടും ഇന്ത്യയുടെ സാമ്ബത്തിക വ്യവസ്ഥ സുസ്ഥിരമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക ധനകാര്യ സ്ഥിരതാ റിപ്പോര്‍ട്ട്. ‘പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മൂലധനസഹായം നല്‍കിയതോടെ ബാങ്കിങ് മേഖല പ്രതിസന്ധിയില്‍നിന്ന് കരകയറിയിട്ടുണ്ട്. എന്നിരുന്നാലും ആഗോള- ആഭ്യന്തര സാമ്ബത്തിക അനിശ്ചിതത്വങ്ങളില്‍ നിന്നുംരാജ്യാന്തര സംഭവവികാസങ്ങളില്‍ നിന്നും ഉണ്ടാകുന്ന അപകടങ്ങള്‍ നിലനില്‍ക്കുന്നു’- റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും ഇരട്ട എഞ്ചിനുകള്‍ പുനരുജ്ജീവിപ്പിക്കുന്നത് ഒരു നിര്‍ണായക വെല്ലുവിളിയായി തുടരുന്നുവെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. സ്വകാര്യ മേഖല ബാങ്കുകളുടെ വായ്പ വളര്‍ച്ച ഇരട്ട അക്കമായി 16.5ശതമാനമായി ഉയര്‍ന്നെങ്കിലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ വായ്പ വളര്‍ച്ച 8.7ശതമാനമായികുറഞ്ഞു.

2020 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മൊത്തം ഡിമാന്‍ഡ് കുറഞ്ഞു. ഇതിനകം തന്നെ മന്ദഗതിയിലായ സാമ്ബത്തിക വളര്‍ച്ചക്ക് ഇത് ആക്കംകൂട്ടും. മൂലധന ഒഴുക്കിന്റെ അവലോകനം പോസിറ്റീവായി തുടരുമ്ബോഴും ആഗോള മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.