ന്യൂജേഴ്‌സി: ശാന്തിയുടേയും, സമാധാനത്തിന്റെയും ദൂതുമായി, കാലിത്തൊഴുത്തില്‍ പിറന്ന്, കടലോളം കരുണപകര്‍ന്ന് ലോകത്തിന് മുഴുവന്‍ വെളിച്ചമായ് മാറിയ യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം ഈവര്‍ഷത്തെ ക്രിസ്തുമസ് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

വൈകീട്ട് നടന്ന പിറവി തിരുനാളിലും, തിരുക്കര്‍മ്മങ്ങളിലും എഴുനൂറില്‍പ്പരം വിശ്വാസികള്‍ സജീവമായി പങ്കെടുത്തു.

ക്രിസ്തുമസ് ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങള്‍ വൈകീട്ട് 6:00 മണിക്ക് ദേവാലയത്തിലെ ഗായക സംഘത്തിന്റെ കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ചു.

കുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് പിറവിതിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
“രാജാക്കന്മാരുടെ രാജാവേ…”എന്ന ഗാനം ആലപിച്ചുകൊണ്ട് വികാരിയച്ചനും ഗായക സംഘത്തോടൊപ്പം ചേര്‍ന്നു.

തുടര്‍ന്ന് ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഡിവൈന്‍ മേഴ്‌സി ഹീലിംഗ് സെന്‍റര്‍ ഡയറക്ടര്‍ റവ.ഫാ.തോമസ് സുനില്‍ എനേക്കാട്ട്, ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്, പാപത്തില്‍ നിന്നും പുണ്യത്തിലേയ്ക്ക് ലോകമാകെ ഉറ്റുനോക്കുന്ന മഹാരക്ഷയുടെ ആഘോഷത്തിന്റെ ഓര്‍മ്മ പുതുക്കി ഇടവ സമൂഹം കത്തിച്ച മെഴുതിരികളും കൈയ്യിലേന്തി നടത്തിയ പ്രദക്ഷിണവും, യേശുക്രിസ്തു ജനിച്ച വിവരം മാലാഖമാര്‍ തീകായുന്ന ആട്ടിടയന്മാരെ ആദ്യമായി അറിയിച്ചതിനെ അനുസ്മരിക്കുന്ന തീയുഴിയല്‍ ശുശ്രൂഷയും ദേവാലയത്തിനു പുറത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടത്തപ്പെട്ടു.

തുടര്‍ന്ന് ദിവ്യബലി മധ്യേ ഫാ.തോമസ് സുനില്‍ എനേക്കാട്ട് തിരുപ്പിറവിയുടെ സന്ദേശം നല്‍കി.

പ്രകാശത്തിന്റെ ആഘോഷമാണ് ക്രിസ്തുമസ് എന്നും, പ്രകാശം നല്‍കുന്ന എല്ലാം സൃഷ്ടിച്ചത് ദൈവമാണ് എന്നും, എന്നാല്‍ ക്രിസ്തുമസ്സിന്റെ ഈ ആഘോഷത്തില്‍ നമ്മള്‍ പ്രകാശത്തെ സൃഷ്ടിച്ച ദൈവമെന്നല്ല മറിച്ച് പ്രകാശമാണ് ദൈവം എന്ന് മനസ്സിലാക്കണമെന്ന് ഓര്‍മ്മിപ്പിച്ചു. ഓരോ ക്രിസ്മസ്സിലും ദൈവം ഈ പ്രകാശം നമ്മളിലേക്ക് നല്‍കിക്കൊണ്ടിരിക്കുന്നു എന്ന് കൊറിന്തിയോസ്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് വചനം പങ്കുവെച്ചു. “പാരിശുദ്ധാല്മാവാല്‍ നിറയുന്ന വ്യക്തികള്‍ ഓരോ ദിവസവും വെളിച്ചത്തിലേയ്ക്കു അടുത്തുകൊണ്ടിരിക്കുന്നു”.

‘നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്’ എന്ന് ശിഷ്യരെ നോക്കി പറഞ്ഞ യേശുവിന്റെ വാക്കുകള്‍ സ്വന്തം ജീവിതത്തില്‍ സാക്ഷാത്ക്കരിക്കണം എന്നുണ്ടെങ്കില്‍ സമാധാനവും ശാന്തിയും നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സന്നിഹിതമാക്കാന്‍ നമുക്കു കഴിയണം എന്നും, എന്നാല്‍ ക്രിസ്തുവിന്റെ വചനങ്ങള്‍ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നവരായി നമ്മുക്ക് മാറാന്‍ കഴിയുമ്പോളാണ് നാം ലോകത്തിന്റെ പ്രകാശമായി മാറുന്നത് എന്നും ഓര്‍മ്മിപ്പിച്ചു.

ഒരിക്കലും അസ്തമിക്കാത്ത ജീവന്റെ പ്രകാശമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു യാത്ര ചെയ്യുമ്പോള്‍ നാം ഒരിടത്തും കാല്‍തെറ്റി വീഴില്ല. കാരണം, നമ്മുടെ മുന്‍പിലുള്ള വെളിച്ചം അത്ര ശക്തമാണ്, യേശുക്രിസ്തുവായ ജീവന്റെ വെളിച്ചമാണ്. വഴിമുട്ടി നില്‍ക്കാത്ത ഒരു പ്രകാശം നമുക്കുള്ളതില്‍ നമുക്ക് അഭിമാനിക്കാം.

നമ്മുടെ അനിശ്ചിതത്വത്തില്‍ നമുക്കുള്ള മറുപടിയാണ് പുല്‍ക്കൂട്ടില്‍ ഉണ്ണീശോ എന്നും, ക്രിസ്തുമതം എന്നത് ക്രിസ്തുവുമായുള്ള കണ്ടുമുട്ടല്‍ ആണ് എന്നും തന്റെ സന്ദേശത്തിലൂടെ പറഞ്ഞു .

വിശുദ്ധ പൗലോസ് ശ്ലീഹാപറയുന്നു “എന്റെ ബലഹീനതയിലാണ് ഞാന്‍ അഭിമാനം കൊള്ളുന്നത്. കാരണം ബലഹീനതയില്‍ ദൈവത്തിന്റെ ശക്തി കൂടുതല്‍ പ്രകടമാകും.” എന്ന വാക്കുകള്‍ ധ്യാനിച്ചാണ് അച്ചന്‍ തന്റെ സന്ദേശം അവസാനിപ്പിച്ചത്. ഏതൊരു ക്രിസ്ത്യാനിയും അറിഞ്ഞിരിക്കേണ്ടാതായ രഹസ്യമാണ് പൗലോശ്ലീഹായുടെ ഈ വാക്യം എന്നും തന്‍റെ വചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികള്‍ നോമ്പ് കാലത്തില്‍ ക്രിസ്മസ് തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവര്‍ത്തികളുടെയും, പുണ്യപ്രവര്‍ത്തങ്ങളുടെയും, പ്രാര്‍ത്ഥനകളു യുടെയും പ്രതീകമായ പൂക്കള്‍ കാണിക്കയായി സമര്‍പ്പണം നടത്തി.

തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരമായി ദേവാലയത്തില്‍ മനോഹരമായ പുല്‍ക്കൂടിന് ഒരുക്കിയിരുന്നു. ദേവാലയത്തിനകത്തും പുറത്തുമായി ചെയ്ത വര്‍ണ്ണപ്പകിട്ടാര്‍ന്ന അലങ്കരങ്ങള്‍ക്ക് ജെയിംസ് പുതുമന, തോമസ് നിരപ്പേല്‍, തോമസ് മേലേടത്തു, ചെറിയാന്‍ അലക്‌സാണ്ടര്‍ (ജോയി ചേട്ടന്‍), ജോര്‍ജ് കൊറ്റം എന്നിവര്‍ നേതൃത്വം നല്‍കി.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയോടനുബന്ധിച്ച് സി.സി.ഡി, സി.എം.എല്‍ കുട്ടികള്‍ മാലാഖാമാരുടെയും, ആട്ടിടയന്മാരുടെയും, പൂജ്യരാജാക്കന്മാരുടെയും വേഷമണിഞ്ഞെത്തി പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയെ ആരാധിച്ചുവണങ്ങുന്ന ചരിത്രം അവതരിപ്പിച്ച നേറ്റിവിറ്റി ഷോക്ക് സി.എം.എല്‍ ടീം നേതൃത്വം നല്‍കി.

ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി), സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി), ടോണി മങ്ങന്‍ (ട്രസ്റ്റി), മനോജ് പാട്ടത്തില്‍ (ട്രസ്റ്റി), പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും. തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച വൈദീകര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും, ഗായകസംഘത്തിനും, ട്രസ്റ്റിമാര്‍ക്കും വികാരി നന്ദി പറഞ്ഞു.

തുടര്‍ന്ന് ഇടവകാംഗങ്ങള്‍ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്‌നേഹവിരുന്നില്‍ പങ്കെടുത്ത് ശാന്തിയും, സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങി.