കൊച്ചി: നെടുമ്ബാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഈമാസം ഇതുവരെ പിടിച്ചത്‌ 11 കോടിയുടെ സ്വര്‍ണം. വിവിധ രാജ്യങ്ങളില്‍നിന്ന്‌ എത്തിയ യാത്രക്കാരില്‍നിന്ന്‌ ഇക്കാലയളവില്‍ 26 കിലോ സ്വര്‍ണം എയര്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ കണ്ടെത്തി. കേരളത്തില്‍ സ്വര്‍ണവില കൂടിയതും നികുതി 12 ശതമാനമായി ഉയര്‍ത്തിയതുമാണ്‌ സ്വര്‍ണക്കടത്ത്‌ വര്‍ധിക്കാന്‍ ഇടയാക്കിയത്‌.

കഴിഞ്ഞ 18ന്‌ മൂന്ന്‌ യാത്രക്കാരില്‍നിന്നായി മൂന്നുകോടിയുടെ സ്വര്‍ണം പിടിച്ചു. രണ്ട്‌ ആന്ധ്രപ്രദേശ് സ്വദേശികളില്‍നിന്ന്‌ 2.8 കോടിയുടെയും മുംബൈ സ്വദേശിനിയില്‍നിന്ന്‌ 20 ലക്ഷം രൂപയുടെ 17 സ്വര്‍ണ ബിസ്‌കറ്റുകളും കണ്ടെടുത്തതാണ്‌ വലിയ സ്വര്‍ണവേട്ട. വ്യായാമത്തിന്‌ ഉപയോഗിക്കുന്ന ഡംബെലിന്റെ പിടിയിലാണ്‌ ആന്ധ്രക്കാര്‍ സ്വര്‍ണം ഒളിപ്പിച്ചത്‌. ക്രിസ്‌മസ്‌ തലേന്ന്‌ 3.75 കിലോ സ്വര്‍ണവുമായി മൂന്ന്‌ യാത്രക്കാരെ കസ്‌റ്റംസ്‌ പിടികൂടി. അന്താരാഷ്‌ട്രവിപണിയില്‍ ഇതിന്‌ 1.25 കോടി രൂപയാണ്‌ വില. രണ്ടരക്കിലോ സ്വര്‍ണം മിശ്രിതമാക്കി കാല്‍മുട്ടിനുതാഴെ കെട്ടിവച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ട്‌ കോഴിക്കോട്‌ സ്വദേശികളും പിടിയിലായി. 250 ഗ്രാം സ്വര്‍ണം കാപ്‌സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ്‌ മലപ്പുറം സ്വദേശി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്‌.

ഇരുപതിന്‌ സിലിന്‍ഡര്‍ രൂപത്തിലാക്കി ഫ്‌ളാഷ്‌ ലൈറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച 28 ലക്ഷം രൂപയുടെ 750 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. അടിവസ്‌ത്രത്തിലും ജീന്‍സിന്റെ അരപ്പട്ടയിലുമായി 88 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പാലക്കാട്‌ സ്വദേശിയെ പിടികൂടി. 2.5 കിലോ സ്വര്‍ണം മിശ്രിതമാക്കിയാണ്‌ കടത്താന്‍ ശ്രമിച്ചത്‌. തകിട്‌ രൂപത്തിലാക്കിയ 51 ലക്ഷത്തിന്റെ ഒന്നരക്കിലോ സ്വര്‍ണവും സ്‌പീക്കറിന്റെ ബാറ്ററിയില്‍ ഒളിപ്പിച്ച 68 ലക്ഷത്തിന്റെ സ്വര്‍ണവും പിടികൂടി. മിശ്രിതമാക്കിയ ഒരുകോടിയുടെ സ്വര്‍ണം കാലില്‍ കെട്ടിവച്ച്‌ കടത്താന്‍ ശ്രമിച്ചയാളെ പിടികൂടിയത്‌ 12നാണ്‌. മാസാദ്യം 1.53 കോടിയുടെ സ്വര്‍ണമാണ്‌ പിടിച്ചെടുത്തത്‌.

വിദേശത്തുനിന്ന്‌ ഒരുകിലോ സ്വര്‍ണം നാട്ടിലെത്തിച്ചാല്‍ നാലുമുതല്‍ ആറുലക്ഷം രൂപവരെ ലാഭം നേടാമെന്ന കണ്ടെത്തലും സ്വര്‍ണക്കടത്ത്‌ വര്‍ധിക്കാന്‍ ഇടയാക്കിയെന്ന്‌ കസ്റ്റംസ്‌ അധികൃതര്‍ പറഞ്ഞു. സ്ഥിരമായി സ്വര്‍ണം കടത്തുന്നവര്‍ക്ക്‌ അന്താരാഷ്‌ട്ര സ്വര്‍ണക്കടത്തുസംഘങ്ങളുമായി ബന്ധമുണ്ടെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍വഴി സ്വര്‍ണം കടത്തുന്നതിന്‌ വിവിധ മാര്‍ഗങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. കടത്തുകാര്‍ക്ക്‌ വിമാന ടിക്കറ്റും വന്‍ പ്രതിഫലവും നല്‍കുന്നു.

ഗള്‍ഫില്‍ തൊഴില്‍ നഷ്‌ടപ്പെട്ടവരെയും കടത്തുസംഘം കാരിയര്‍മാരാക്കുന്നുണ്ട്‌. ഇവര്‍ക്ക്‌ നാട്ടിലെത്താന്‍ വിമാന ടിക്കറ്റാണ്‌ ഓഫര്‍. കാരിയര്‍മാരില്‍ കൂടുതലും വിസിറ്റിങ്‌ വിസയില്‍ എത്തുന്നവരാണെന്ന്‌ കസ്റ്റംസ്‌ കണ്ടെത്തിയിട്ടുണ്ട്‌. നെടുമ്ബാശേരിയിലെ റണ്‍വേ നവീകരണത്തെത്തുടര്‍ന്നുള്ള തിരക്കും കസ്‌റ്റംസിലെ ആള്‍ക്ഷാമവും കടത്തുകാര്‍ മുതലെടുക്കുകയാണ്‌. അനധികൃതമായി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സികളും വിദേശ സിഗററ്റും കസ്‌റ്റംസ്‌ കണ്ടെടുത്തിരുന്നു.