കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വേറിട്ട പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കണ്ണൂരില്‍ പ്രതിഷേധ ഒപ്പനയുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. പാനൂര്‍ ഗുരുസന്നിധി മൈതാനത്തിലായിരുന്നു ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ ഒപ്പന.

പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ജവഹര്‍ ബാലജന വേദിയുടെയും നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധ ഒപ്പന നടത്തിയത്. മതവും വേഷവുമല്ല പൗരത്വത്തിന്റെ അടയാളം എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു പ്രതിഷേധ ഒപ്പന സംഘടിപ്പിച്ചത്.

പാനൂര്‍ മേഖലയിലെ ആയിരത്തോളം വനിതകള്‍ ജാതിമതഭേദമില്ലാതെ മനോഹരമായ ഇശലുകള്‍ക്കൊപ്പം പ്രതിഷേധ ഒപ്പനയ്‌ക്കൊപ്പം ചുവടുവച്ചു. കണ്ണൂര്‍ എംപി കെ സുധാകരനും പരിപാടിയില്‍ പങ്കെടുത്തു.