ഡല്‍ഹി: കോടികളുടെ കടങ്ങള്‍ നികത്താന്‍ പുതിയ നീക്കവുമായി എയര്‍ ഇന്ത്യ. ഇതിന്റെ ആദ്യ പടിയെന്നോണം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ടിക്കറ്റ് കടമായി നല്‍കുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. 268 കോടിയോളം രൂപ വിവിധ ഏജന്‍സികള്‍ നല്‍കാനുണ്ടെന്നും ഇത് നല്‍കിയാലേ ഇനി ടിക്കറ്റുകള്‍ നല്‍കൂവെന്നും എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.

ഇതാദ്യമായിട്ടാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇനി കടമായി ടിക്കറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനം എയര്‍ ഇന്ത്യ എടുക്കുന്നതും അവരുടെ ലിസ്റ്റുകള്‍ തയ്യാറാക്കുന്നതും. സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനായിരുന്നു എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ വായ്പാടിസ്ഥാനത്തില്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ ആഴ്ച വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് 50 കോടിയോളം രൂപ തിരികെ പിടിച്ചു. പല ഏജന്‍സികളില്‍ നിന്നും പണം ലഭ്യമാകുന്നതിന് വലിയ കാലതാമസമാണ് വരുന്നത്. ഇത്തരം കര്‍ശന നടപടികളെടുക്കുകയല്ലാതെ തങ്ങള്‍ക്ക് പോംവഴിയില്ലെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.