തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ കുഴി ബോംബ് സ്ഫോടനത്തില്‍ മരിച്ച ജവാന് അമ്ബലമുക്ക് ചൂഴമ്ബാലയില് വേണു, പ്രിയ ദമ്ബതികളുടെ മകന് വി.പി. അക്ഷയ് (25)ന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ധീരജവാനെ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിച്ചു. രാഷ്ട്രീയ റൈഫിള്‍സ് ആര്‍മി സോപ്പോര്‍ ഡ്രൈവറായിരുന്ന അക്ഷയ് ഏഴുവര്‍ഷം മുമ്ബാണ് സൈന്യത്തിന്റെ ഭാഗമായത്. ബുധനാഴ്ച രാത്രി 8.10 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം പാങ്ങോട്ട് മിലിട്ടറി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.ഇന്നലെ രാവിലെയോടെ അമ്ബലമുക്ക് ചൂഴമ്ബാലയിലെ വീട്ടിലേയ്ക്കെത്തിച്ചു. അതിരാവിലെ മുതല്‍ ബന്ധുക്കളും കൂട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലി ഇവിടെ കാത്തു നിന്നു.
എംഎല്‍എമാരായ വി.കെ. പ്രശാന്ത്, ഒ.രാജഗോപാല്‍, മേയര്‍ കെ.ശ്രീകുമാര്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, മുന്‍എംഎല്‍എ കെ. മോഹന്‍കുമാര്‍, ബിജെപി നേതാവ് വി.വി. രാജേഷ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയും അവസാന യാത്രമൊഴി ഏറ്റുവാങ്ങിയ മൃതദേഹം 11.40 ഓടെ തൈക്കാട് ശാന്തി കവാടത്തിലേക്ക് കൊണ്ടു പോയി. ബൈക്കുകളിലും കാറുകളിലുമായി നൂറുകണക്കിന് പേര് അനുഗമിച്ചു.
അഹമ്മദബാദിലേയ്ക്ക് സ്ഥലമാറ്റമായ അക്ഷയ് അടുത്ത മാസം നാട്ടിലേക്കു വരാന്‍ ഇരിക്കുകയായിരുന്നു. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന അക്ഷയും കുടുംബവും കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് പുതുതായി പണി കഴിച്ച വീട്ടിലേയ്ക്കു മാറിയത്.കഴിഞ്ഞ ഓണത്തിനാണ് അവസാനം വീട്ടിലെത്തിയത്. തിരികെ മടങ്ങുമ്ബോള്‍ പുതിയ ഒരു ഫോട്ടോ നല്‍കിയാണ് മടങ്ങിയത്.ചൂഴമ്ബാലക്കാര്ക്ക് മുഴുവന്‍ പ്രിയപ്പെട്ടവനായ അക്ഷയയുടെ അവസാന യാത്ര നാട്ടുകാരെ മുഴുവന്‍ കണീരിലാഴ്ത്തി.വീട്ടുകാരുടെ വേദനയ്ക്ക് ഒപ്പം ഒരു നാടു മുഴുവന്‍ തേങ്ങുന്ന കാഴ്ച ആരുടെയും കണ്ണ് നനയ്ക്കുന്നതായി.തൈക്കാട് മോഡല്‍ സ്കൂളിലാണ് അക്ഷയ് പഠിച്ചത്. സഹോദരന് : അര്ജുന്(പ്ലസ് വണ്‍ വിദ്യാര്‍ത്ഥി).