മനില: ക്രിസ്മസ് രാവില്‍ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഫന്‍ഫോന്‍ (ഉര്‍സുല) ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി ഗ്രാമങ്ങളെ ചുഴറ്റിയെറിഞ്ഞ കാറ്റില്‍ 21പേര്‍ മരിച്ചതായാണ് വിവരം.

മണിക്കൂറില്‍ 195 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശിയത്. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഒട്ടേറെ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുത തൂണുകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. വൈദ്യുതിവിതരണം നിലച്ചു.

ചുഴലിക്കാറ്റ് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധമുട്ടിലാണ്. അതിനാല്‍ തന്നെ നാശനഷ്ടങ്ങളുടെ കണക്കുകളെടുത്തിട്ടില്ല. മദ്ധ്യഫിലിപ്പൈന്‍സിലെ വിസായസിലെ ചെറു ഗ്രാമങ്ങളെയാണ് കാറ്റ് തകര്‍ത്തെറിഞ്ഞത്. ഇവിടെയാണ് 16 മരണവും. പൊട്ടിവീണ വൈദ്യുതത്തൂണില്‍ നിന്ന് ഷോക്കേറ്റ് പൊലീസ് ഓഫീസറും മരിച്ചു.

ബൊറകയ്, കൊറോണ്‍ എന്നിവിടങ്ങളിലും മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാറ്റ് നാശം വിതച്ചു. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വെളുത്ത മണല്‍ നിറഞ്ഞ ഫിലിപ്പൈന്‍സിലെ ബീച്ചുകളെല്ലാം കാറ്റില്‍ നാശമായി. കലിബോ വിമാനത്താവളത്തില്‍ നിന്നുള്ള 1500ഓളം സര്‍വീസുകള്‍ റദ്ദാക്കി. 15,700ഓളം യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കയാണ്.

മരങ്ങള്‍ വീണും കെട്ടിടങ്ങള്‍ തകര്‍ന്ന് വീണും മറ്റും മിക്ക റോഡുകളും തടസപ്പെട്ടു. ശക്തമായ മഴ തുടരുന്നതിനാല്‍ റോഡുകളിലെ തടസങ്ങള്‍ മാറ്റാനായിട്ടില്ല.

2013ല്‍ 6000 പേരുടെ മരണത്തിനിടയാക്കിയ രാജ്യത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റായ ഹൈയാന്റെ അതേ പാതയിലാണ് ഫന്‍ഫോനും സഞ്ചരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് കാറ്റ് വീശിയടിച്ചതോടെ ആളുകള്‍ ആഘോഷങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച്‌ വീട് വിട്ട് ഓടിപ്പോകേണ്ടി വന്നു. ആഘോഷങ്ങള്‍ക്കായി മറ്റിടങ്ങളിലേക്ക് പോയവര്‍ക്ക് തിരിച്ച്‌ വീടുകളിലേക്കെത്താനായിട്ടില്ല.