ഹൂസ്റ്റണ്‍: ഒന്നര ദശാബ്ദത്തെ മികവുറ്റ സേവന ചരിത്രമുള്ള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പുതിയ പ്രസിഡന്റായി ഡോ. ജോര്‍ജ് കാക്കനാട്ടും (ഹൂസ്റ്റണ്‍), ജനറല്‍ സെക്രട്ടറിയായി സാമുവേല്‍ ഈശോയും (സുനില്‍ ട്രൈസ്റ്റാര്‍, ന്യൂജേഴ്‌സി) ട്രാഷറരായി ജീമോന്‍ ജോര്‍ജുംജനുവരി ഒന്നിനു സ്ഥാനമേല്‍ക്കും.

മറ്റു ഭാരവാഹികള്‍: ബിജു കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്- ചിക്കാഗോ), ബിജിലി ജോര്‍ജ് (ജോ. സെക്രട്ടറി- ഡാളസ്), ഷിജോ പൗലോസ് (ജോ. ട്രഷറര്‍- ന്യൂയോര്‍ക്ക്), സജി ഏബ്രഹാം, ബിനു ചിലമ്പത്ത് (ഓഡിറ്റര്‍മാര്‍), സുനില്‍ തൈമറ്റം (പ്രസിഡന്റ്- ഇലക്ട്).

ആഴ്ചവട്ടം ഓണ്‍ലൈനിന്റെ ചീഫ് എഡിറ്ററായ ഡോ. ജോര്‍ജ് കാക്കനാട്ട് സാമൂഹിക -സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. ഒരു ദശാബ്ദത്തിലേറെ ആഴ്ചവട്ടം പ്രിന്റ് എഡിഷനായി പുറത്തിറക്കി. കാല്‍ നൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സ്ഥാപക ഡയറക്ടറുമാണ്.അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ജനറല്‍ സെക്രട്ടറിയാണ്.

യു.എസ് എയര്‍ഫോഴ്‌സില്‍ ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. ജോര്‍ജ് പ്രവാസി രത്‌ന അവാര്‍ഡ്, കേരളാ സെന്റര്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഹൂസ്റ്റണില്‍ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.

ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് 2008-ല്‍ മത്സരിച്ചിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ അത്മായ നേതാക്കളിലൊരാളായ ഡോ. ജോര്‍ജ് ഹൂസ്റ്റണിലെ സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് സെക്രട്ടറി ആയിരുന്നു. പ്രവാസികളില്‍ നിന്നുള്ള സിനഡ് അംഗവും, മുന്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമാണ്.നൈറ്റ്‌സ് ഓഫ് കൊളംബസില്‍ ഫോര്‍ത്ത് ഡിഗ്രി സര്‍ നൈറ്റ്. മാഗ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.പകലോമറ്റം മെഗാ ഫാമിലി കോണ്‍ഫറന്‍സ് -നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി, സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപക പ്രസിഡന്റ്, ഇപ്പോള്‍ ജനറല്‍ സെക്രട്ടറി.

ഇംഗ്ലീഷ് സാഹിത്യത്തിലും,സോഷ്യല്‍ വര്‍ക്കിലും മാസ്റ്റേഴ്‌സ് ബിരുദം. ഇപ്പോള്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍പി.എച്ച്.ഡി ചെയ്യുന്നു. ഷുഗര്‍ലാന്‍ഡില്‍ താമസം. ഭാര്യ: സാലി. മക്കള്‍: റിജോയി, റിച്ചി, റെഞ്ചി.

മാധ്യമ രംഗത്ത് പ്രത്യേകിച്ച് ദൃശ്യമാധ്യമ രംഗത്ത് മലയാളികള്‍ക്കിടയിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയാണ് സുനില്‍ ട്രൈസ്റ്റാര്‍ എന്ന സാമുവേല്‍ ഈശോ. പ്രൊഡ്യൂസര്‍, ഡയറക്ടര്‍, ന്യൂസ് എഡിറ്റര്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന സുനില്‍ ട്രൈസ്റ്റാര്‍ രണ്ടു പതിറ്റാണ്ട് മുമ്പ് അമേരിക്കയില്‍ നിന്ന് ആദ്യത്തെ മലയാള വീഡിയോ മാഗസിന്‍ ‘റിഥം യു.എസ്.എ’ നിര്‍മിച്ചു.

അമേരിക്കയില്‍ ആദ്യമായി പ്രക്ഷേപണം ചെയ്ത മലയാളം ചാനലായ ഏഷ്യാനെറ്റ് ഇവിടെ വന്‍ വിജയം നേടിയതിനു പിന്നില്‍ സുനില്‍ ട്രൈസ്റ്റാറിന്റെ പ്രയത്‌നവും ദീര്‍ഘവീക്ഷണവുമുണ്ട്. ഏഷ്യാനെറ്റിന്റെ പ്രൊഡക്ഷന്‍, പ്രോഗ്രാമിംഗ്, മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷന്‍ എന്നിവക്ക് സുനില്‍ പത്തു വര്‍ഷത്തോളം വിജയകരമായി നേതൃത്വം നല്‍കി.

മലയാളം ചാനലുകളുടെ വിതരണത്തിനായി മറ്റു പാര്‍ട്‌നെര്‍സിനോടൊപ്പം 2010-ല്‍ മലയാളം ഐ.പി.ടിവി സ്ഥാപിച്ചു. പിന്നീടത് യപ്പ് ടിവി അത് ഏറ്റെടുത്തു. ഇന്ത്യക്കു പുറത്തു നിന്നുള്ള ആദ്യത്തെ 24 മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ചാനല്‍ ആയമലയാളം ടെലിവിഷന്‍ അമേരിക്കയില്‍ തുടങ്ങി. പിന്നീട് അത് പ്രവാസി ചാനലായി മാറി. ഇപ്പോള്‍ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കയുടെ തലപ്പത്തു പ്രവര്‍ത്തിക്കുന്നു.അമേരിക്കയില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി ടിവിയില്‍’ഡെയിലി ന്യൂസ് ബുള്ളറ്റിന്‍’ തയാറാക്കിയതും പ്രവാസി ചാനല്‍ തന്നെ.ലോകമെമ്പാടും ലഭിക്കുന്ന തരത്തില്‍ ‘പ്രവാസി ചാനല്‍ ഗ്ലോബല്‍’ ഉടന്‍ തന്നെ കേരളത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്.

ഇ-മലയാളി ഡോട്ട്‌കോം, ഇന്ത്യാ ലൈഫ് ഡോട്ട് യു.എസ് എന്നിവയുടെ മാനേജിംഗ് എഡിറ്ററാണ്. കൂടാതെ ഹിന്ദി- ഇംഗ്ലീഷ് ചാനലായ ഇന്ത്യാ ലൈഫ് ടെലിവിഷന്‍ (ഇന്ത്യാലൈഫ് ഡോട്ട് ടിവി) രണ്ടു വര്‍ഷം മുമ്പ് സ്ഥാപിച്ചു ഇപ്പോള്‍ അത് വിജയകരമായി അമേരിക്കയിലെ മുഖ്യധാരാ ഇന്ത്യന്‍ സമൂഹത്തിന്റെ ചാനലായി മുന്നേറുന്നു.

ഓഡിയോ വിഷ്വല്‍ രംഗത്ത് ഏറ്റവും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ലോജിസ്റ്റിക് എന്ന സ്ഥാപനവും സ്വന്തം.

ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ജീമോന്‍ ജോര്‍ജ് ദശാബദ്ത്തിലധികമായി സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തിവരുന്നു. ഫ്‌ളവേഴ്‌സ് ടിവിയുടെ ഫിലാഡല്‍ഫിയ റീജണല്‍ മാനേജരാണ്.

കോട്ടയം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം മുന്‍ ചെയര്‍മാന്‍, മലങ്കര ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ അംഗം, ഫിലാഡല്‍ഫിയ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് കമ്മീഷണര്‍, ഐ.പി.സി.എന്‍.എ മുന്‍ ജോയിന്റ് ട്രഷറര്‍, നോര്‍ത്താമ്പ്ടന്‍ ടൗണ്‍ഷിപ്പ് റിപ്പബ്ലിക്കന്‍ കമ്മിറ്റി മെമ്പര്‍, നോര്‍ത്താപ്ംടണ്‍ പബ്ലിക് ലൈബ്രറി മുന്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ, ഐ.എന്‍.ഒ.സി എന്നിവയുടെ സജീവ സാന്നിധ്യമാണ്. ഫിലാഡല്‍ഫിയയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

ചിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മാസപ്പുലരി മാസികയുടെ ചീഫ് എഡിറ്ററാണ് ബിജു കിഴക്കേക്കുറ്റ്. ചിക്കാഗോ മേഖലയിലെ ആദ്യകാല മലയാളി പ്രസിദ്ധീകരണമാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു.പ്രസ് ക്ലബിന്റെ തുടക്കം മുതല്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്നു.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് നിര്‍മ്മാണത്തിലും സജീവ പങ്കുവഹിച്ചു. കെ.സി.സി.എന്‍.എ നാഷണല്‍ കമ്മിറ്റി അംഗം, കെ.സി.എസ് ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപകാംഗമാണ്. കോണ്‍ഗ്രസംഗം ഡാനി ഡേവിസിന്റെ മള്‍ട്ടി എത്‌നിക്ക് ടാസ്‌ക് ഫോഴ്‌സ് അംഗമായും പ്രവര്‍ത്തിക്കുന്നു.

2004 മുതല്‍ ഏഷ്യാനെറ്റ് ഡാളസിന്റെ ചുമതല വഹിച്ചിരുന്ന ആളാണ് ബിജിലി ജോര്‍ജ്. യു.എസ് വീക്ക്‌ലി റൗണ്ടപ്പ് പ്രൊഡക്ഷന്‍ ഡയറക്ടര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റും, രണ്ടു തവണ സെക്രട്ടറിയുമായിരുന്നു.

കേരള അസോസിയേഷന്‍ ഡാളസിന്റെ ആര്‍ട്‌സ് ഡയറക്ടര്‍, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ ലയണ്‍സ് ക്ലബ് പ്രോഗ്രാം ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഹോം ഹെല്‍ത് കെയര്‍ രംഗത്ത് ബിസിനസ് ഉടമ.

ഏഷ്യാനെറ്റ് നോര്‍ത്ത് അമേരിക്കയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്ററും സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസറും, കാമറാമാനുമാണ് ഷിജോ പൗലോസ്. ഏഴു വര്‍ഷമായി ഏഷ്യാനെറ്റിന്റെ യു.എസ്.എയിലെ പ്രോഗ്രാം നിര്‍മാണത്തിന്റെ ചുമതല വഹിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനും, എന്റര്‍ടൈന്‍മെന്റ് ചാനലിനും വേണ്ടി പ്രോഗ്രാമുകള്‍ തയാറാക്കുന്നു. യു.എസ് വീക്ക്‌ലി റൗണ്ടപ്പ്, അമേരിക്ക ഈ ആഴ്ച എന്നിവയുടേയും ചുമതല വഹിക്കുന്നു. നേരത്തെ അമേരിക്കന്‍ കാഴ്ചകളുടെ നിര്‍മ്മാതാവായിരുന്നു.

ഒട്ടേറേ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ബെര്‍ഗന്‍ കൗണ്ടി (ന്യു ജെഴ്സി) ഗവണ്മെന്റിന്റെ് മീഡിയ എക്സലന്‍സ് അവാര്‍ഡ് നേടി.2017-ല്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബെസ്റ്റ് കോര്‍ഡിനേറ്റിംഗ് പ്രൊഡ്യൂസ്രര്‍/ടെക്നീഷ്യന്‍ ആവര്‍ഡ് ലഭിച്ചു.

മികച്ച സംഘാടകനെന്ന നിലയില്‍ പൊതുപ്രവര്‍ത്തന രംഗത്തും തിളങ്ങുന്ന സജി ഏബ്രഹാം കേരള ഭൂഷണത്തിന്റെ പ്രതിനിധി ആണ്. പ്രസ് ക്ലബിന്റെ തുടക്കം മുതല്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. ന്യു യോര്‍ക്ക് ചാപറ്റര്‍ സെക്രട്ടറിയും ട്രഷററുമായിരുന്നു.പ്രഥമ ഫോമാ ന്യൂസ് ചീഫ് എഡിറ്ററായിരുന്നു. 2019-ലെ കേരള കണ്വന്‍ഷന്‍ ചെയറുമായിരുന്നു.

എഴൂത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ് ബിനു ചിലമ്പത്ത്. മലയാളം വാര്‍ത്തയിലും മലയാളീ മനസിലും കോളം എഴുതിയിരുന്നു. കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ക്നാനായാ കാത്തലിക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ലോറിഡ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കിഡ്നി ഫെഡറെഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഐ.എന്‍.ഒ.സി ഫ്ലോറിഡ ചാപറ്റര്‍ എന്നിവയുടെ ട്രഷറര്‍. പീഡിയാട്രിക്ക് ഹോസ്പിറ്റലില്‍ കേസ് മാനേജറും ബിസിനസ് ഉടമയുമാണ്‌