കൊച്ചി : ക്രിസ്മസ് പിറ്റേന്ന് ലോകത്തെ കണ്ണീര്‍ കടലിലാഴ്ത്തിയ സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ്. 2004 ഡിസംബര്‍ 26 നായിരുന്നു ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സുനാമി രാക്ഷസത്തിരമാലകള്‍ മരണതാണ്ഡവമാടിയത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം ആളുകളാണ് സുനാമിത്തിരകളില്‍പ്പെട്ട് ജീവന്‍ വെടിഞ്ഞത്.

ക്രിസ്മസ് ആഘോഷങ്ങളുടെ മയക്കം വിട്ടുമാറും മുമ്ബെയാണ് ലോകത്തെ നടുക്കി രാക്ഷസത്തിരമാലകള്‍ ആര്‍ത്തലച്ചെത്തിയത്. വടക്കന്‍ സുമാത്രയില്‍ കടലിനടിയിലുണ്ടായ ഭൂകമ്ബമാണ് വന്‍ വിനാശകാരിയായി സംഹാരരൂപം പ്രാപിച്ചത്. 2004 ഡിസംബര്‍ 26ന് പ്രാദേശിക സമയം 7.59നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്ബാടും നാശം വിതച്ചു.

2004 ഡിസംബര്‍ 26നുണ്ടായ സൂനാമിയില്‍ ലാംപുക്കില്‍ മാത്രം മരിച്ചത് 6700-ഓളം പേര്‍. ഈ കടലോര പ്രദേശം അക്ഷരാര്‍ഥത്തില്‍ തച്ചുതകര്‍ക്കപ്പെട്ടു. ആകെ രക്ഷപ്പെട്ടത് 300 പേര്‍ മാത്രം. സുമാത്ര തീരത്തു നിന്നു മാറി കടലിലുണ്ടായ 9.1 തീവ്രതയുള്ള ഭൂകമ്ബമാണ് 2004ലെ കൂറ്റന്‍ സൂനാമിക്കു കാരണമായത്. 1.7 ലക്ഷം പേരാണ് അന്നു മരിച്ചത്. മരിച്ചവരുടെ എണ്ണം ഇതിലും കൂടുമെന്നും അധികൃതര്‍ പറയുന്നു. പലരുടെയും മൃതദേഹം പോലും കണ്ടെത്തിയിട്ടില്ല.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 100 അടിവരെ ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ 15 രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമിത്തിരകള്‍ കനത്തനാശം വിതച്ചത്. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാ, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. 16,000 ജീവനുകളാണ് നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം 7000 മരണം. കേരളത്തില്‍ 236 ജീവന്‍ പൊലിഞ്ഞു.

സൂനാമിയുടെ നാശനഷ്ടങ്ങളില്‍ നിന്നു കരകയറിത്തുടങ്ങിയിട്ടേയുള്ളൂ ഇന്തൊനീഷ്യ. തീരത്തെ പനകളെപ്പോലും വേരൊടെ പറിച്ചെറിഞ്ഞു കൊണ്ടുപോവുകയായിരുന്നു സൂനാമി. കെട്ടിടങ്ങളെല്ലാം തകര്‍ന്നു തരിപ്പണമായി.