ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ കണക്കെടുപ്പിനായി (എന്‍.പി.ആര്‍) ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്ബോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും ഡല്‍ഹി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എന്‍.പി.ആര്‍ എന്ന് പറയുന്നത് എന്‍.ആര്‍.സിയുടെ അടിസ്ഥാന വിവര ശേഖരണമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്‍.ആര്‍.സി തീര്‍ത്തും മുസ്‌ലിം വിരുദ്ധമാണെന്നും അവര്‍ ആവര്‍ത്തിച്ചു.

‘അവര്‍ നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കും. നിങ്ങളുടെ പേര്, ഫോണ്‍ നമ്ബര്‍ തുടങ്ങിയവ ശേഖരിക്കും. ആധാറും ഡ്രൈവിങ് ലൈസന്‍സും പോലുള്ള രേഖകള്‍ ചോദിക്കും. എന്‍.ആര്‍.സിയുടെ അടിസ്ഥാന വിവര ശേഖരണമാണ് എന്‍.പി.ആര്‍’- അരുന്ധതി പറഞ്ഞു.

ഇതിനെതിരെ നാം പോരാടേണ്ടതുണ്ട്. അതിനായി നമുക്ക് വ്യക്തമായ പദ്ധതി ആവശ്യമാണ്. എന്‍.പി.ആറിന്റെ ഭാഗമായി അവര്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കുമ്ബോള്‍ അവര്‍ക്ക് നിങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക. പേര് ചോദിച്ചാല്‍ കുപ്രസിദ്ധ ക്രിമിനലുകളായ രംഗബില്ല എന്നോ, കുഫ്ങുകട്ട എന്നോ പറഞ്ഞാല്‍ മതി. വിലാസം ചോദിച്ചാല്‍ പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസമായ റേസ് കോഴ്‌സ് ഏഴ് എന്ന വിലാസം നല്‍കണം. എല്ലാവരും ഒരു മൊബൈല്‍ നമ്ബര്‍ തന്നെ നല്‍കിയാല്‍ മതിയെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ പോരാട്ടത്തില്‍ ഒരുപാട് അട്ടിമറികള്‍ വേണ്ടി വരും. ലാത്തിയും വെടിയുണ്ടയും ഏറ്റുവാങ്ങാന്‍ മാത്രമല്ല നാം ജനിച്ചത്- അവര്‍ പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിങ്ങളെയാണ് ദേശീയ പൗരത്വ പട്ടികയിലൂടെ ലക്ഷ്യമിടുന്നത്. ദലിതരും ആദിവാസികളും പാവപ്പെട്ടവരും ഇതന്റെ ഇരകളാകുമെന്നും അവര്‍ ആവര്‍ത്തിച്ചു.

താന്‍ പറയുന്നത് കള്ളമാണെന്ന് മോദിക്ക് അറിയാം. അത് പിടിക്കപ്പെടുമെന്ന് നല്ല ബോധ്യമുണ്ടായിട്ടും ഇവിടുത്തെ മാധ്യമങ്ങള്‍ ചോദ്യംചെയ്യില്ലെന്നതിനാലാണ് നുണ പറയാന്‍ ധൈര്യപ്പെടുന്നത്.

സി.എ.എയും എന്‍.ആര്‍.സിയും രാജ്യവ്യാപക എതിര്‍പ്പ് നേരിട്ടതോടെ എന്‍.പി.ആറിലൂടെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.