തിരുവനന്തപുരം: വലയ സൂര്യഗ്രഹണം ദൃശ്യമായി. ഒമ്ബതരയോടെ വലയ ഗ്രഹണം പൂര്‍ണ്ണമായി ദൃശ്യമാകും. സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണ്ണാടകത്തിലും, വടക്കന്‍ കേരളത്തിലും, മധ്യതമിഴ്‌നാട്ടിലും സൂര്യഗ്രഹണം ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം ആറ്റിങ്ങല്‍, ചെറുവത്തൂര്‍ എന്നിവങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായിട്ടുണ്ട്. കണ്ണൂര്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില് ഭാഗിക ഗ്രഹണമാണ്. രാവിലെ എട്ട് മണിയോടെയാണ് കേരളത്തില്‍ ഗ്രഹണം കണ്ട് തുടങ്ങിയത്. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും.

കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ കഴിയും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റേയും പാലക്കാടിന്റേയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂര്‍ണ്ണ തോതില്‍ ആസ്വദിക്കാം, തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 മുതല്‍ 93 ശതമാനം വരെയാണ് മറയുന്നത്.

നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് കണ്ണുകള്‍ക്ക് നല്ലതല്ല. ബൈനോക്കലറുകളിലൂടെയോ, ടെലിസ്‌കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിങ് ഗ്ലാസ് വച്ചോ, എക്‌സ്‌റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. എക്‌സ്‌റേ ഷീറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ ഷീറ്റിലെ ചിത്രം പതിയാത്ത ഭാഗം പല ഷീറ്റുകള്‍ അടുക്കി വച്ച്‌ വേണം നോക്കാന്‍.

പിന്‍ഹോള്‍ ക്യാമറകളാണ് ഗ്രഹണം കാണുന്നതിനുള്ള എറ്റവും അഭികാമ്യമായ രീതി. മൈലാര്‍ ഷീറ്റുപയോഗിച്ചുള്ള സൗരകണ്ണടകള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. ഉയര്‍ന്ന നിലവാരത്തിലുള്ള വെല്‍ഡേഴ്‌സ് ഗ്ലാസും ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും പാളി നോക്കുവാന്‍ മാത്രമേ പാടുള്ളൂ തുടര്‍ച്ചയായി ഇതിലൂടെ സൂര്യനെ നിരീക്ഷിക്കുന്നത് അപകടകരമാണ്. 12,13, 14 ഷേഡുകളിലുള്ള വെല്‍ഡേഴ്‌സ് ഗ്ലാസ് മാത്രമേ ഇതിനായി ഉപയോഗിക്കാവൂ.