വാഷിങ്ടന്‍ : ബാങ്ക് കൊള്ളയടിച്ച്‌ പണം നാട്ടുകാര്‍ക്ക് വാരിക്കോരി കൊടുത്ത് കള്ളന്റെ ക്രിസ്മസ് ആഘോഷം. ബാങ്ക് കൊള്ളയടിച്ച ശേഷം പണം വഴിയാത്രക്കാര്‍ക്ക് എറിഞ്ഞുനല്‍കി കള്ളന്‍. തിങ്കളാഴ്ച പകല്‍ യുഎസിലെ കൊളറാഡോയിലാണു സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന അക്കാദമി ബാങ്കില്‍ കയറിയ മോഷ്ടാവ് തൊഴിലാളികളെ ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. പുറത്തിറങ്ങിയ അയാള്‍ ബാഗില്‍ നിന്ന് പണം അന്തരീക്ഷത്തിലേക്ക് എറിയാന്‍ തുടങ്ങി. ഒപ്പം ‘മെറി ക്രിസ്മസ്’ എന്ന് വിളിച്ചുപറയുകയും ചെയ്‌തെന്നു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് അറുപത്തിയഞ്ചുകാരനായ ഡേവിഡ് വെയ്ന്‍ ഒലിവര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യുന്ന സമയത്ത് ഒലിവറിന്റെ കൈവശം ആയുധങ്ങളൊന്നും ഇല്ലായിരുന്നെന്നു പൊലീസ് പറഞ്ഞു. വഴിയാത്രക്കാരില്‍ ചിലര്‍ പണം തിരികെ നല്‍കിയെങ്കിലും ആയിരക്കണക്കിനു ഡോളര്‍ തിരികെ ലഭിക്കാനുണ്ടെന്നാണു ബാങ്ക് അധികൃതര്‍ പറയുന്നത്.