മുംബൈ: പ്രഫഷണൽ ടെന്നിസ് കരിയറിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നിസ് ഇതിഹാസം ലിയാൻഡർ പേസ്. 2020-ൽ ടെന്നിസിൽനിന്നു വിരമിക്കുമെന്നാണു പേസിന്റെ പ്രഖ്യാപനം. ക്രിസ്തുമസ് ആശംസകൾ അറിയിച്ചുകൊണ്ടു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണു പേസ് ഇക്കാര്യമറിയിച്ചത്.
2020-ൽ തെരഞ്ഞെടുത്ത കുറച്ചു മത്സരങ്ങളിൽ മാത്രമേ കളിക്കുകയുള്ളൂ. ടീമിനൊപ്പം യാത്ര ചെയ്യും. സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം 2020 ആഘോഷിക്കുമെന്നു പറഞ്ഞ പേസ്, മാതാപിതാക്കൾ, സഹോദരിമാർ, മകൾ അയാന എന്നിവർക്കു നന്ദിയും പറഞ്ഞു.
46 വയസുകാരനായ പേസ് 29 വർഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. എട്ടു തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും 10 തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേൽരത്ന, അർജുന, പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു.
ഇന്ത്യയുടെ മുൻ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ്, 43 വിജയങ്ങളുമായി ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് വിജയങ്ങൾ സ്വന്തമാക്കുന്ന റിക്കാർഡ് ജേതാവാണ്. ഏഴ് ഒളിന്പിക്സിൽ പങ്കെടുത്ത ഏക ടെന്നിസ് കളിക്കാരൻ കൂടിയാണു പേസ്. 1996-ൽ അറ്റലാന്റ ഒളിന്പിക്സിൽ സിംഗിൾസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിട്ടുണ്ട്.