പ്രമുഖ അമേരിക്കൻ മലയാളിയും അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ യു.എ നസീറിനെ കേരള സർക്കാർ രൂപീകരിച്ച ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തു. ലോക കേരളസഭയുടെ നിയമാവലി പ്രകാരം അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് യു.എ നസീർ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ പരമാവധി രാജ്യങ്ങള്‍ക്ക് പ്രാധിനിത്യം ലഭിക്കുന്ന രീതിയില്‍ വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെ കാലമായി അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന നസീർ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളായ നന്മ, ഗ്ലോബൽ കെ.എം.സി.സി, ജസ്റ്റിസ് ഫോർ ഓൾ, ഐ.എൻ.ഒ.സി തുടങ്ങിയ സംഘടനകളുടെ നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചു വരികയാണെങ്കിലും സംഘടനാ പ്രതിനിധിയായിട്ടല്ല അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുള്ളത്. ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ് ഉൾപ്പെടെയുള്ള മുപ്പതോളം പ്രശസ്തരുടെ ലിസ്റ്റിലേക്കാണ് യു.എ നസീറിനേയും നോമിനേറ്റ് ചെയ്തത്.

കേരള സർക്കാരിന്റെ അറിയിപ്പ് ലഭിച്ച ഉടനെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി യു.എ നസീർ ഇതുസംബന്ധമായി അഭിപ്രായം ആരായുകയും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പദവി ഏറ്റെടുക്കാൻ ഹൈദരലി ശിഹാബ് തങ്ങൾ നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്ന് കേരള സർക്കാരിന്റെ ക്ഷണം അദ്ദേഹം സ്വീകരിക്കുകയായിരുന്നു. മുൻമന്ത്രിയും പ്രശസ്ത പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന മുസ്‌ലിംലീഗ് നേതാവ് യു.എ ബീരാൻ സാഹിബിന്റെ മകനാണ് നസീർ.
2020 ജനുവരി 2,3 തിയ്യതികളിൽ തിരുവനന്തപുരത്തെ നിയമസഭാ കോംപ്ലക്‌സില്‍ വെച്ചാണ് രണ്ടാമത് ലോക കേരളസഭ ചേരുന്നത്.