അഗര്‍ത്തല: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ത്രിപുര മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജകുടുംബാംഗവുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ്മന്‍. ദി ഇന്‍റീജീനിയസ് പ്രോഗ്രസീവ് റീജണല്‍ അലയന്‍ (ടിഐപിആര്‍എ) എന്നാണ് പാര്‍ട്ടിയുടെ പേര്. ത്രിപുരയിലെ ഗോത്രവിഭാഗത്തിന്‍റെ സംരക്ഷണമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പ്രദ്യോത് പറഞ്ഞു.

‘ജനങ്ങളുടെ അവകാശങ്ങളും സ്വത്വവും ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ബുബാഗ്ര (രാജാവ്) പ്രദ്യോത് മാണിക്യയാണ് ഈ സംഘടനയുടെ ചെയര്‍മാന്‍, ഇതില്‍ അംഗമാകാന്‍ എല്ലാവര്‍ക്കും സ്വാഗതം. ഇതൊരു സാമൂഹിക സംഘടനയാണ്, രാഷ്ട്രീയ പാര്‍ട്ടിയല്ല, ടിഐപിആര്‍എയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ജനവരി എട്ടിന് പുതിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രദ്യോത് വ്യക്തമാക്കി. ഗോത്ര വിഭാഗം നേതാക്കളെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും പ്രദ്യോത് പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കിയാല്‍ അത് തദ്ദേശീയരായ ആളുകളെ ബാധിക്കും. ബ്ലോക്ക്,ബൂത്ത് തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച്‌ ശക്തമായ പ്രതിഷേധം നടത്തുമെന്നും പ്രദ്യോത് വ്യക്തമാക്കി.

അഴിമതിയും ഗ്രൂപ്പിസവും ആരോപിച്ചാണ് പ്രദ്യോത് കോണ്‍ഗ്രസില്‍ നിന്ന് ഇക്കഴിഞ്ഞ സപ്തംബറില്‍ രാജിവെച്ചത്. അസം പൗരന്മാരുടെ പട്ടിക പോലെ സംസ്ഥാനത്തും പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ബര്‍മാന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ലൂയിസിന്‍ഹോ ഫലേരിയോ ബര്‍മനെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ ത്രിപുരയില്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും ബര്‍മ്മന്‍ ആവശ്യപ്പെട്ടിരുന്നു.