മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷ വെട്ടിക്കുറച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. ഭാരതരത്നാ അവാര്‍ഡ് ജേതാവ് കൂടിയായ തെണ്ടുല്‍ക്കര്‍ക്കുണ്ടായിരുന്ന ‘എക്സ്’കാറ്റഗറി സുരക്ഷയാണ് പിന്‍വലിച്ചത്. ഇതോടെ അദ്ദേഹത്തിന് കൂടെ 24 മണിക്കൂറും ഉണ്ടായിരുന്ന പോലീസുകാരന്റെ സേവനം ഇനിയുണ്ടാകില്ല.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ സുരക്ഷ സര്‍ക്കാര്‍ സെഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്. ആദിത്യ താക്കറെക്ക് നേരത്തെ ‘വൈ പ്ലസ് ‘സുരക്ഷയാണ് ഉണ്ടായിരുന്നത്.

‘ആകെ 90 പ്രമുഖ വ്യക്തികളുടെ സുരക്ഷയാണ് സര്‍ക്കാര്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കിയത്. ഓരോ വ്യക്തിയും അഭിമുഖീകരിക്കുന്ന ഭീഷണിയുടെ തോത് അനുസരിച്ചാണ് ഓരോരുത്തര്‍ക്കും നല്‍കുന്ന സുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയത്.’- ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

ബി.ജെ.പി മന്ത്രിമാരായിരുന്ന ഏക്‌നാഥ് ഖഡ്സെ, രാം ഷിന്‍ഡെ, ഉത്തര്‍ പ്രദേശ് മുന്‍ ഗവര്‍ണറായിരുന്ന രാം നായിക്ക് എന്നിവര്‍ക്ക് നല്‍കിയിരുന്ന സുരക്ഷയും സര്‍ക്കാര്‍ വെട്ടികുറച്ചിട്ടുണ്ട്.രാം നായികിന്റെ സുരക്ഷ ‘സെഡ് പ്ലസ്’ കാറ്റഗറിയില്‍ നിന്ന് ‘എക്സാ’ക്കിയാണ് ചുരുക്കിയിരിക്കുന്നത്.അതേസമയം സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ സുരക്ഷ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.