ഉഴുന്നാലില്‍ മോചനത്തിനു ശേഷം ബംഗളുരുവിലെ ഡോണ്‍ ബോസ്കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ തിരക്കിലാണ്‌അ വിടെയാണ് അച്ചന്റെ ഇപ്പോഴത്തെ സേവനം.

തടവു ജീവിതത്തിന്റെ ആഘാതത്തില്‍ നിന്നു മോചിതനാകാന്‍ വേണ്ടി സലേഷ്യന്‍ സഭ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചരിക്കുകയാണ്. എന്നിട്ടും അച്ചന്‍ തിരക്കിലാണ്. ലോകം മുഴുവന്‍ സഞ്ചരിച്ച്‌ ക്ഷമയുടെ സന്ദേശം കൈമാറുകയാണ് അദ്ദേഹം. ഒപ്പം തടവു ജീവിതത്തില്‍ അനുഭവിച്ച ദൈവത്തിന്റെ സാന്നിധ്യവും അദ്ദേഹം വിശ്വാസികളുമായി പങ്കുവയ്ക്കുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ നൊമ്ബരം സമ്മാനിച്ചവരോടും അച്ചന് പരിഭവമില്ല. ക്ഷമിക്കാനാണ് തന്റെ ദൈവം പഠിപ്പിച്ചിരിക്കുന്നതെന്ന് പറയുമ്ബോള്‍ അച്ചന്റെ മുഖത്ത് കാരുണ്യം. ‘എന്നെ എന്റെ ദൈവം അതാണ് പഠിപ്പിച്ചത്. എന്നോടും എന്റെ സഹപ്രവര്‍ത്തകരോടും ഇത്രയും ക്രൂരത കാട്ടിയവരോട് പൊറുക്കാനാണ് എനിക്കു തോന്നിയത്. അത് ചിലര്‍ വിമര്‍ശിച്ചു. അവര്‍ക്ക് എന്റെ ചിന്ത മനസിലാകാത്തതാകും കാരണം. അവരോട് തര്‍ക്കിക്കാന്‍ ഞാനില്ല. മനുഷ്യന്‍ ആദ്യമായി പഠിക്കേണ്ടത് ക്ഷമിക്കാനാണ്.

ലോകത്ത് കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം ക്ഷമയില്ലാത്തതാണ്. ക്ഷമ എന്ന മരുന്നു കഴിക്കാന്‍ എല്ലാവരേയും ഞാന്‍ ഉപദേശിക്കും. വിധികള്‍ പാസാക്കരുത്. പാസാക്കുന്ന വിധികള്‍ എന്റേതായിരിക്കും. ഒരാളുടെ ശരിയല്ല മറ്റൊരാളുടെ ശരി. ഏതു മതത്തിലുള്ളവരാണെങ്കിലും അവര്‍ ദൈവത്തെ അറിയാനാണ് ശ്രമിക്കേണ്ടത്. ദൈവം ഒരാളേയുള്ളൂ. അവനില്‍ വിശ്വസിക്കുക, പ്രാര്‍ഥിക്കുക. തിരക്കു പിടിച്ചുള്ള യാത്രകള്‍ക്കിടയില്‍ പലരും പ്രാര്‍ഥിക്കാന്‍ പോലും മറക്കുകയാണ് പതിവ്. അവര്‍ക്ക് എങ്ങനെ ജന്മദൗത്യം കണ്ടെത്താന്‍ കഴിയും.

പണ്ട് നമ്മുടെ വീടിന് ചുറ്റുമുള്ള എല്ലാ വീടുകളിലും വൈകിട്ട് പ്രാര്‍ഥനയുണ്ടായിരിക്കും. അതിന് ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വ്യത്യാസമില്ല. ഇന്ന് എത്ര വീടുകളില്‍ വൈകിട്ട് പ്രാര്‍ഥന പതിവുണ്ട്? ആ സമയം ടിവിയും മറ്റും അപഹരിച്ചു കഴിഞ്ഞു. കുടുംബ പ്രാര്‍ഥനയും മറ്റും വീടുകളില്‍ അനിവാര്യമാണ്. ദൈവത്തിന് ഒരോരുത്തരെയും പറ്റി ഓരോ ദൗത്യം കാണും. അതു നിസ്വാര്‍ഥമായി പ്രാര്‍ഥനയിലൂടെ കണ്ടെത്തുകയാണ് മനുഷ്യന്റെ ധര്‍മ്മം.’-അച്ചന്‍ പറയുന്നു.