ന്യൂഡല്‍ഹി: ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ‘ബിഗ് ത്രീ’ ക്രിക്കറ്റ് രാജ്യങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി.) തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്.

നാലാമതൊരു ടീമിനെക്കൂടി ഉള്‍പ്പെടുത്തി, വന്‍കിട ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ ശ്രമം തുടങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതിന്റെ മുന്‍നിരയിലുണ്ട്. ക്രിക്കറ്റില്‍നിന്നുള്ള വരുമാനം പങ്കിടുന്നതില്‍ ബിഗ് ത്രീ ടീമുകളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചത്.

പുതിയ ടൂര്‍ണമെന്റ് 2021 ഒക്ടോബറില്‍ ഇന്ത്യയില്‍ തുടങ്ങാനാണ് ആലോചന. ഓരോ വര്‍ഷവും ബിഗ് ത്രീയിലെ ഒരു ടീം ആതിഥ്യം വഹിക്കും.

ചര്‍ച്ച തുടരുന്നു

മൂന്നിലധികം ടീമുകള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റുകള്‍ സാധാരണയായി ഐ.സി.സി.യാണ് നടത്തുക. ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഇത്തരം ടൂര്‍ണമെന്റ് നടത്താന്‍ അനുമതിയില്ല. എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള മൂന്നു ടീമുകള്‍ ഒരുമിച്ചുനിന്നാല്‍ ഐ.സി.സി. അതിന് വഴങ്ങേണ്ടിവരും. ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറര്‍ അരുണ്‍ സിങ് ധുമാല്‍ എന്നിവര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി പ്രാരംഭ ചര്‍ച്ചനടത്തി. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് കെവിന്‍ റോബര്‍ട്സ് ചര്‍ച്ചകള്‍ക്കായി അടുത്തമാസം ഇന്ത്യയിലെത്തും.

അല്‍പം ചരിത്രം

ഇന്ത്യക്കാരനായ ശശാങ്ക് മനോഹറാണ് ഇപ്പോള്‍ ഐ.സി.സി. ചെയര്‍മാന്‍. അദ്ദേഹം അധ്യക്ഷനായശേഷമാണ് ഐ.സി.സി.യുടെ വരുമാനം അംഗരാജ്യങ്ങള്‍ക്ക് തുല്യമായി (ചില മാനദണ്ഡങ്ങള്‍ക്കനുസൃതമായി ബിഗ് ത്രീ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയുണ്ട്) നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കൂടുതല്‍ കാണികളും പരസ്യവരുമാനവുമെല്ലാം ഈ മൂന്നു രാജ്യങ്ങളില്‍നിന്നാണ്. അതില്‍ത്തന്നെ, വരുമാനത്തിന്റെ പകുതിയിലേറെ ഇന്ത്യയില്‍നിന്നാണെന്ന് കണക്കുകള്‍ പറയുന്നു.

വരുമാനം തുല്യമായി വീതിക്കാനുള്ള തീരുമാനത്തെ ഐ.സി.സി. വാര്‍ഷികയോഗത്തില്‍ ബിഗ് ത്രീ രാഷ്ട്രങ്ങള്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷവോട്ടിന്റെ അടിസ്ഥാനത്തില്‍ പാസായി. ഈ വരുമാനനഷ്ടം പരിഹരിക്കാനാണ് പുതിയ ടൂര്‍ണമെന്റ് തുടങ്ങുന്നത്. ലോകക്രിക്കറ്റിലെ പ്രധാന താരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് തുടങ്ങിയാല്‍ കാണികള്‍ അതിന്റെപിന്നാലെ വരുമെന്നുറപ്പ്.

ടൂര്‍ണമെന്റുകള്‍ ഇങ്ങനെ

അംഗരാജ്യങ്ങളെല്ലാം ഉള്‍പ്പെട്ട ടൂര്‍ണമെന്റ് ഐ.സി.സി. എല്ലാ വര്‍ഷവും നടത്തുന്നുണ്ട്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടത്തി. അടുത്ത രണ്ടു വര്‍ഷങ്ങളിലും ട്വന്റി 20 ലോകകപ്പുണ്ട്. 2023-ല്‍ വീണ്ടും ഏകദിന ലോകകപ്പ് വരും. ഈവര്‍ഷം ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പും തുടങ്ങി.