ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും ഒരു പ്രത്യേക യോഗം      കഴിഞ്ഞ ദിവസം ഡോ. മാത്യു വൈരമണിന്റെ (പ്രസിന്റ് ചെയര്‍ ആന്‍ഡ് സ്റ്റേറ്റ് ഡെലിഗേറ്റ് ഓഫ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി) അധ്യക്ഷതയില്‍ ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഡോ. മാത്യു വൈരമണ്‍ (പ്രസിഡന്റ്), റെനി കാലായില്‍, ജോസഫ് ജോര്‍ജ് (വൈസ് പ്രസിഡന്റുമാര്‍), ജയിംസ് ചാക്കോ മുട്ടുങ്കല്‍ (ജനറല്‍ സെക്രട്ടറി), ടോമി ചിറയില്‍ (ജോയിന്റ് സെക്രട്ടറി), സജി വര്‍ഗീസ് (ട്രഷറര്‍), മാത്യു പന്നപ്പാറ (ജോയിന്റ് ട്രഷറര്‍).

ഫോര്‍ട്ട്‌ബെന്റ് കൗണ്ടിയിലും, പരിസര പ്രദേശങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അമേരിക്കയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ജീവിതമൂല്യങ്ങളായ കുടുംബജീവിതത്തിന്റെ ഭദ്രത, ദൈവ വിശ്വാസം, സാമൂഹിക അച്ചടക്കം, സാമ്പത്തിക ഭദ്രത തുടങ്ങിയ കാര്യങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മാത്രമേ സാധ്യമാകൂ എന്ന് യോഗം വിലയിരുത്തി.

വ്യക്തിസ്വാന്ത്ര്യം നിയന്ത്രണം ലംഘിക്കുമ്പോള്‍ അത് സാമൂഹിക അരാജകത്വത്തിലേക്ക് നീങ്ങുമെന്നു യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ വിലയിരുത്തി. അബോര്‍ഷന്‍, മയക്കുമരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവ കുടുംബ ബന്ധങ്ങളെ ഇല്ലാതാക്കും. സെയിം സെക്‌സ് മാരിയേജ്, അബോര്‍ഷന്‍, മരിജുവാനാ  തുടങ്ങിയ വിപത്തുകളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിര്‍ക്കുന്നു. സുശക്തമായ സാമ്പത്തിക ഭദ്രതയുള്ള ഒരു സാമൂഹിക ക്രമം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേ സാധ്യമാകൂ എന്നു യോഗം വിലയിരുത്തി.

എന്തുകൊണ്ട് നമ്മള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരണമെന്നും, എന്ത് മുന്‍കരുതലുകളാണ് നമ്മുടെ സമൂഹം ശിഥിലമായിപ്പോകാതിരിക്കാന്‍ നമ്മള്‍ ചെയ്യേണ്ടതെന്നും ജനങ്ങളെ ബോധവത്കരിക്കാന്‍ പ്രത്യേകം സെമിനാറുകളും, സ്റ്റഡി ക്ലാസുകളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഫോറത്തിന്റെ അടുത്ത മീറ്റിംഗ് ജനുവരി 26-ന് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അടുത്ത സമ്മേളനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫോര്‍ട്ട്‌ബെന്റ് കൗണ്ടിയിലും സമീപ പ്രദേശങ്ങളിലുമുള്ള ഒഫീഷ്യലുകള്‍ പങ്കെടുക്കുന്നതാണ്. 2020 മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ഇലക്ഷനില്‍ കൂടുതല്‍ ആളുകളെ വോട്ട് ചെയ്യിക്കുവാന്‍ ശ്രമിക്കുന്നതാണ്. ഈ ഫോറത്തിന്റെ വിജയത്തിനായി എല്ലാ ജനാധിപത്യ, മൂല്യാധിഷ്ഠിത വിശ്വാസികളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.