ഡിട്രോയിറ്റ്: ഡിസംബര്‍ 14 ശനിയാഴ്ച, സൗത്ഫീല്‍ഡിലുള്ള സാന്തോം ഓഡിറ്റോറിയത്തില്‍ വച്ച്, ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തി ഡി.എം.എയുടെ ക്രിസ്മസ് ആഘോഷം നടന്നു. ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാവുന്ന ഒരു ആഘോഷമായിരുന്നു ഇത്തവണത്തേത്. ഡി.എം.എ. പ്രസിഡന്റ് മനോജ് ജെയ്ജി ആശംസാപ്രസംഗം നടത്തി. സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരി ഫാ. ടി. എ. നിക്കോളാസ്  ക്രിസ്തമസ് സന്ദേശം നല്‍കി. കലാപരിപാടികളുടെ അവതാരകയായി നിതാ സുരേഷ് തിളങ്ങി.

സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ സമ്മാനപ്പൊതികളുമായി സാന്തോക്ലോസ് (മനോജ് വാര്യര്‍ ) സദസ്സില്‍് എത്തിയപ്പോള്‍ ആവേശം അണപൊട്ടി ഒഴുകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്രിസ്മസ് പാപ്പ എല്ലാവര്ക്കും ഒപ്പം ആടിയും പാടിയും ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. എല്ലാ കുട്ടികള്ക്കും ക്രിസ്മസ് പാപ്പ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സൈജന്‍ കണിയോടിക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആര്‍ത്തബാന്‍  എന്ന നാടകം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. ഗാനങ്ങള്‍ ആലപിച്ചവരും ഡാന്‍സുകള്‍  അവതരിപ്പിച്ചവരും, മികവുകള്‍  കൊണ്ട് കാണികളുടെ കയ്യടി നേടി. ഡി.എം.എ. അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച നാടന്‍ കരോളും, കരോള്‍ ഗാനങ്ങളും എല്ലാവരിലും ഗൃഹാതുരത്വ ഓര്‍മ്മകളുണര്‍ത്തി.

ഡി.എം.എ. സെക്രട്ടറി അഭിലാഷ് പോള്‍  എല്ലാവര്‍ക്കും നന്ദിയും, നല്ല ഒരു ക്രിസ്മസും പുതുവത്സരവും ആശംസിച്ചു. രാത്രി പത്തു മണിയോട്  കൂടി തിരശീല വീണ,  ഡി.എം.എ. യുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ എല്ലാവരും ഒരു പോലെ ആസ്വദിച്ചു.