ദില്ലി: രാജ്യം മുഴുവന്‍ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന സമയത്ത് റിലീസ് ചെയ്ത ചിത്രമായിരുന്നു സല്‍മാന്‍ ഖാന്റെ ദബംഗ് 3. എന്നാല്‍ പ്രതിഷേധം ചിത്രത്തിന്റെ കളക്ഷനെയും ബാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായിക സൊനാക്ഷി സിന്‍ഹ പ്രതിഷേധത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പൗരത്വ നിയമ പ്രതിഷേധങ്ങളാണ് ദബംഗിന്റെ കളക്ഷനേക്കാള്‍ വലുതെന്ന് സൊനാക്ഷി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി.

നമുക്കെല്ലാവര്‍ക്കും അറിയാം രാജ്യത്ത് എന്താണ് നടന്ന് കൊണ്ടിരിക്കുന്നതെന്ന്. ജനങ്ങള്‍ക്ക് അറിയാം എന്താണ് ഏറ്റവും പ്രധാനമെന്ന്. അതേസമയം തന്റെ ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യമാകെ പൗരത്വ നിയമത്തിനെതിരെ അണിനിരന്ന് കഴിഞ്ഞു. അത് ഒരു ചിത്രത്തേക്കാള്‍ വലിയ കാര്യമാണെന്നും സൊനാക്ഷി പറഞ്ഞു. ഇക്കാര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പമാണ് ഞാന്‍. പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങള്‍ക്കൊരിക്കലും ജനങ്ങളില്‍ നിന്ന് പിടിച്ചുവാങ്ങാന്‍ സാധിക്കില്ല.

ഒരു ജനാധിപത്യമെന്ന നിലയില്‍ ഇന്ത്യയിലെ ജനങ്ങള്‍ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയതില്‍ അഭിമാനമുണ്ടെന്നും സൊനാക്ഷി പറഞ്ഞു. ഈ വിഷയത്തില്‍ ആര്‍ക്ക് വേണമെങ്കിലും പ്രതികരിക്കാം. ഇനി മിണ്ടാതിരിക്കണമെങ്കില്‍ അങ്ങനെയുമാവാം. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ടെന്നും സൊനാക്ഷി വ്യക്തമാക്കി. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്ക് ഭയമാണെന്ന് കരുതുന്നില്ല. പക്ഷേ അവര്‍ പ്രതിഷേധവുമായി ഇറങ്ങിയാല്‍, എല്ലാ ശ്രദ്ധയും അവരിലായിരിക്കും. സാധാരണക്കാര്‍ അതുകൊണ്ട് അവഗണിക്കപ്പെടുമെന്നും സൊനാക്ഷി പറഞ്ഞു.

അതേസമയം ബോളിവുഡ് താരം സെയ്ഫ് അലി ഖാനും പൗരത്വ നിയമത്തില്‍ പ്രതികരിച്ചിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കകളുണ്ടെന്ന് സെയഫ് പറഞ്ഞു. ഒരുപാട് കാര്യങ്ങളില്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് ആശങ്കയുണ്ട്. ഇതെല്ലാം എങ്ങനെ അവസാനിക്കുമെന്ന കാര്യത്തില്‍ അമ്ബരപ്പും, അദ്ഭുതവും ഉണ്ടെന്നും സെയ്ഫ് പറഞ്ഞു. ഖാന്‍ വിഭാഗത്തില്‍ നിന്ന് ബോളിവുഡില്‍ നിന്ന് പ്രതികരിക്കുന്ന ആദ്യ നടനാണ് സെയഫ് അലി ഖാന്‍.