കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള സമയം നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട സബ്കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. ജനുവരി 11ന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റും 11.30 ന് ആല്‍ഫാ ടവറുകളും പൊളിക്കും. ജനുവരി 12ന് ഉച്ചയോടെ മറ്റ് രണ്ട് ഫ്ലാറ്റുകളും പൊളിക്കും.

മൂന്നാം തീയതി മുതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അതിനിടെയാണ് സമയം നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ആദ്യ ഘട്ടത്തില്‍ ഹോളി ഫെയ്ത്തും അരമണിക്കൂറിനു ശേഷം അതേ ദിവസം അല്‍ഫാ വെന്‍ചേഴ്‌സിന്റെ രണ്ട് ടവറുകളും പൊളിക്കും.

ജനുവരി 12നാണ് അവശേഷിക്കുന്ന മറ്റ് രണ്ട് ടവറുകള്‍പൊളിക്കുന്നത്. 11 മണിക്ക് ജെയിന്‍ ഹൗസിങ്‌സും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും പൊളിച്ചു നീക്കാനാണ് തീരുമാനം.

ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട് നേരത്തെ ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ഇതിലും ധാരണയായി. 95 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ആണ് സമീപ വാസികള്‍ക്കുംഫ്‌ലാറ്റുകള്‍ക്കുമായി നിശ്ചയിച്ചത്. ആല്‍ഫാ ടവറുകള്‍ക്ക് 50 കോടിരൂപയും ഹോളിഫെയ്ത്തിന് 25 കോടി രൂപയും ആണ് തുക നിശ്ചയിച്ചത്. ജെയിന്‍ ഹൗസിങ്‌സിനുംഗോള്‍ഡന്‍ കായലോരത്തിനുമായിപത്ത് കോടി വീതമാണ് ഇന്‍ഷുറന്‍സ് നിശ്ചയിച്ചിരിക്കുന്നത്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന മൂന്ന് നാല്മണിക്കൂര്‍ സമയത്തേക്ക് തൊട്ടടുത്ത താമസക്കാരെ മാറ്റിത്താമസിപ്പിക്കാനും ധാരണയായിട്ടുണ്ട്