കാസര്‍കോട് : പൗരത്വ നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ വെളിയില്‍ വിട്ടു പോലീസ്. കലാപകാരികള്‍ നഗരത്തില്‍ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ട വീഡിയോയിലുള്ളത് .പൊലീസിനെതിരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലെറിയുന്ന കലാപകാരികള്‍ തീവയ്പ്പ് നടത്തുന്നതും , സിസിടിവി തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാണാം .

സമരക്കാര്‍ വ്യാപകമായ ആക്രമണം നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ് .അതെ സമയം കലാപത്തിനിടയില്‍ പെട്ട കുട്ടികളെയും സ്ത്രീകളെയും പൊലീസ് ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ആക്രമണം നടത്തിയവരെ പിടികൂടാനാണ് പൊലീസ് ആശുപത്രിയില്‍ കയറിയത്. ഒരു പക്ഷെ ആശുപത്രിയില്‍ പൊലീസ് എത്തിയില്ലായിരുന്നെങ്കില്‍ വന്‍ അത്യാഹിതം സംഭവിക്കുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി .

കഴിഞ്ഞ വ്യാഴാഴ്ചയാണ് മണിക്കൂറുകളോളം നീണ്ട കലാപം അരങ്ങേറിയത്.നിരത്ത് തടസ്സമുണ്ടാക്കി തീയിട്ടു. അക്രമം രൂക്ഷമായതോടെയാണ് പൊലീസ് വെടിവച്ചത്. വാഹനങ്ങളില്‍ കല്ലുകള്‍ കൊണ്ടിറക്കുന്നതും ,അത് പൊലീസിനും വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം .ആശുപത്രിയില്‍ നിന്നും കലാപകാരികള്‍ കൂട്ടത്തോടെ വെളിയിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ നേരത്തെ മലയാള മാധ്യമങ്ങളും പുറത്തു വിട്ടിരുന്നു.