അന്തരിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. ചേന്നീകരിയിലെ കുടുംബ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ ആദരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമടക്കമുള്ളവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ചേന്നങ്കരി സെന്റ് പോള്‍സ് ചര്‍ച്ചില്‍ അന്ത്യശുശ്രൂഷ ചടങ്ങുകള്‍ നടന്നു. പ്രവാസി ആയ രാഷ്ട്രീയക്കാരന്‍ എന്നതില്‍ ഉപരി, വലിയ മനുഷ്യ സ്‌നേഹി ആയിരുന്നു തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

മന്ത്രിമാര്‍, എംഎല്‍എമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ആദരവുമായെത്തി. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെയും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കുടുംബ വീട്ടിലെ അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം ചേന്നങ്കരി സെന്റ് പോള്‍സ് മാര്‍ത്തോമ്മ പള്ളിയിലാണ് തോമസ് ചാണ്ടിയുടെ അന്ത്യ ശുശ്രൂഷാ ചടങ്ങുകള്‍ നടന്നത്.