ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍. നിയമ വഴികള്‍ പൂര്‍ണമായും അടയാതെ വധശിക്ഷ പാടില്ലെന്നാണ് തിഹാര്‍ ജയില്‍ അധികൃതരുടെ നോട്ടിസിന് മൂന്നു പ്രതികളും മറുപടി നല്‍കിയത്.

അതേസമയം, അക്ഷയ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നീ പ്രതികള്‍ ദയാഹരജി നല്‍കുമെന്നാണ് അറിയുന്നത്.

കേസിന് ആസ്പദമായ സംഭവം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിച്ച്‌ പവന്‍ ഗുപ്ത നല്‍കിയ ഹരജി കഴിഞ്ഞയാഴ്ച്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് അക്ഷയ് സിങ് നല്‍കിയ ഹരജിയും ഡിസംബര്‍ 18ന് സുപ്രിംകോടതി തള്ളിയിരുന്നു.

2012 ഡിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി യാത്ര ചെയ്യുകയായിരുന്ന ബസ്സില്‍ വച്ച്‌ മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ടത്. പിന്നീട് ഇവരെ ക്രൂരമായി അക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാഴ്ചക്ക് ശേഷം മരിക്കുകയും ചെയ്തു. ആറ് പേരായിരുന്നു കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്.