യുവതയുടെ തൊഴില്‍ശേഷി വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘അസാപ്’ ബഹുഭാഷാ പരിശീലന കേന്ദ്രത്തിന്റെയും കഴക്കൂട്ടം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ട്രാന്‍സിറ്റ് ക്യാമ്ബസിന്റെയും ഉദ്ഘാടനം കാട്ടായിക്കോണം സെന്റ് തോമസ് കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് ഏതുമേഖലയിലെത്തിയാലും പ്രായോഗിക പരിശീലനം വേണ്ടത്ര ലഭിക്കാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. യുവാക്കളുടെ തൊഴില്‍ശേഷി മെച്ചപ്പെടുകയാണ് പ്രധാനം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല, ഏതു തൊഴില്‍മേഖലയിലും പരിഷ്‌കൃതസമൂഹത്തില്‍ ചെറിയതോതിലെങ്കിലുമുള്ള പരിശീലനം അത്യാവശ്യമാണ്.ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും അവര്‍ക്ക് തൊഴില്‍ ലഭിക്കാനുമുള്ള സാഹചര്യമുണ്ടാകണം. പരിശീലനകേന്ദ്രങ്ങള്‍ എല്ലാ വിഭാഗത്തെയും കണ്ടുകൊണ്ട് വികസിക്കണം. വിദ്യാഭ്യാസം കഴിഞ്ഞാല്‍ രാജ്യത്തിനകത്തും പുറത്തും ജോലി സാധ്യതയുള്ളിടത്തുള്ള ഭാഷ അറിഞ്ഞിരിക്കണം. അത്യാവശ്യം ഇംഗ്ളിഷില്‍ ആശയവിനിമയം നടത്താനാകുമെങ്കിലും സംസാരവൈഭവം ഉണ്ടാകണമെന്നില്ല.

അതു ജോലിതേടി അഭിമുഖങ്ങള്‍ക്ക് പോകുമ്ബോള്‍ തന്നെ തൊഴിലന്വേഷകര്‍ക്ക് പ്രയാസമുണ്ടാകുന്ന കാര്യമാണ്. ഇംഗ്ളിഷ് മാത്രം പഠിച്ചാല്‍ എല്ലാ വികസിത രാജ്യങ്ങളിലും ജോലിനേടാനാകണമെന്നില്ല. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ജാപ്പനീസ് ഉള്‍പ്പെടെയുള്ള ഭാഷകളുടെ പഠനം ‘അസാപ്’ വഴി ആരംഭിക്കുന്നത്. മറ്റു ജോലി സാധ്യതയുള്ള രാജ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഭാഷാപഠന സൗകര്യം ഏര്‍പ്പെടുത്താനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ‘അസാപ്’ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒന്‍പതു സ്‌കില്‍ പാര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കിന്‍ഫ്രയിലും വിഴിഞ്ഞത്തുമുള്‍പ്പെടെ ഏഴെണ്ണം കൂടി പൂര്‍ത്തിയാകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.