കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കു സന്തോഷിക്കാം. ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തില്‍ ദിവസം 3 കപ്പ് ഫില്‍റ്റര്‍ കോഫി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും എന്നു കണ്ടു. സാധാരണ കാപ്പിക്ക് ഈ ഗുണം ഇല്ലെന്നും ഫില്‍റ്റര്‍ കോഫിക്ക് മാത്രമേ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സാധിക്കൂ എന്നും ഗവേഷകര്‍ പറയുന്നു.

കാപ്പിയുടെ ആരോഗ്യഗുണങ്ങള്‍ അത് ഉണ്ടാക്കുന്ന രീതിയെ കൂടി അടിസ്ഥാനമാക്കിയതാണ് എന്ന് ഈ പഠനത്തിലൂടെ വെളിവാകുന്നു. സ്വീഡനിലെ യൂമിയ സര്‍വകലാശാലയിലെയും ചാമേഴ്‌സ് സര്‍വകലാശാലയിലെയും ഗവേഷകര്‍ ഈ പഠനത്തിനായി ചില ജൈവസൂചകങ്ങള്‍ ഉപയോഗിച്ചു. പഠനത്തില്‍ പങ്കെടുത്തവരുടെ രക്തത്തില്‍ പ്രത്യേക തന്മാത്രകളെ ജൈവസൂചകങ്ങളെ തിരിച്ചറിഞ്ഞു. ടൈപ്പ് 2 പ്രമേഹസാധ്യതയുണ്ടോ എന്നറിയാന്‍ ഇവ വിശകലനം ചെയ്തു. തിളപ്പിച്ച കാപ്പിയുടെയും ഫില്‍റ്റര്‍ കോഫിയുടെയും വ്യത്യാസമറിയാന്‍ ‘മെറ്റബോളോമിക്‌സ്’ എന്ന ടെക്‌നിക് ഉപയോഗിച്ചു.

ദിവസം രണ്ടു മുതല്‍ മൂന്നു വരെ കപ്പ് ഫില്‍റ്റര്‍ കോഫി കുടിക്കുന്നവര്‍ക്ക്, ഒരു കപ്പില്‍ താഴെ മാത്രം ഫില്‍റ്റര്‍ കോഫി കുടിക്കുന്നവരെ അപേക്ഷിച്ച്‌ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 60 ശതമാനം കുറവാണെന്ന് പഠനത്തില്‍ കണ്ടു.

സാധാരണ കാപ്പിയില്‍ diterpenes ഉള്ളതിനാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂടും എന്നാല്‍ ഫില്‍റ്റര്‍ കോഫിയില്‍ ഇവ ഫില്‍റ്റര്‍ ചെയ്യപ്പെടുന്നു. ഇതുമൂലം കാപ്പിയിലടങ്ങിയ മറ്റ് ഫിനോളിക് സംയുക്തങ്ങ ളുടെ ഗുണവും മറ്റ് ആരോഗ്യഗുണങ്ങളും ഫില്‍റ്റര്‍ കോഫി കുടിക്കുന്നതിലൂടെ ലഭിക്കുന്നു. കഫീനും (മിതമായ അളവില്‍) ആരോഗ്യഗുണങ്ങളുണ്ട്.

ഫില്‍റ്റര്‍ ചെയ്തതാണോ അല്ലയോ എന്നു നോക്കി മാത്രമല്ല മറിച്ച്‌ കാപ്പിക്കുരുവിന്റെ ഗുണനിലവാരവും ആശ്രയിച്ചിരിക്കും ആരോഗ്യഗുണങ്ങള്‍ എന്നും പഠനം പറയുന്നു.