ദില്ലി: ദേശീയ പൌരത്വ രജിസറ്ററില്‍ പ്രധാനമന്ത്രിക്കെതിരെ മുന്‍ ധനകാര്യമന്ത്രി പി ചിദബംരം. അമിത് ഷായും അദ്ദേഹത്തിന്റെ ക്യാബിനറ്റിലെ മന്ത്രിമാരും മുമ്ബ് പറഞ്ഞ കാര്യങ്ങളെ മറച്ചുവെക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പൌരത്വ നിയമത്തിനെതിരെ ഡിഎംകെ സംഘടിപ്പിച്ച റാലിയിലെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴാണ് ചിദംബരത്തിന്റെ പ്രസ്താവന.

‘ഞാന്‍ കരുതുന്നത് ആഭ്യന്തര മന്ത്രിയും മന്ത്രിമാരും പറഞ്ഞ കാര്യങ്ങള്‍ മൂടി വെക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ്. എന്നാല്‍ അദ്ദേഹം പിന്നോട്ടുപോകുന്നില്ല. ഹൃദയം കൊണ്ടുള്ള യഥാര്‍ത്ഥ മാറ്റമല്ല. ഔപചാരികമായ ഒരു പ്രസ്താവന നടത്തുമ്ബോള്‍ മാത്രമേ അത് ഹൃദയം കൊണ്ടുള്ള മാറ്റമായിത്തീരുകയുള്ളൂ”.

ദില്ലിയില്‍ റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള രോഷം അവസാനിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. ഇന്ത്യയിലൊട്ടാകെ ദേശീയ പൌരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന ബിജെപിയുടെയും അമിത് ഷായുടേയും വാഗ്ധാനങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കാത്ത മോദി പിന്‍തിരിയാനുള്ള ശ്രമമാണ് നടത്തിയതെന്നും ചിദംബരം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് ഒരിക്കല്‍പ്പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മോദി പറയുന്നത്.

‘എന്റെ സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വന്നത് 2014ലാണ്. എന്നാല്‍ രാജ്യത്തെ 130 കോടി വരുന്ന ജനങ്ങളോട് എനിക്ക് പറയാനുള്ളത് ദേശീയ പൌരത്വ രജിസ്റ്ററിനെക്കുറിച്ച്‌ ഒരു ചര്‍ച്ച പോലും നടന്നിട്ടില്ലെന്നാണ്’ മോദി പറയുന്നു. ഇന്ത്യന്‍ ഭരണഘടനക്ക് ഭീഷണിയുണ്ടായപ്പോള്‍ ജനങ്ങളെല്ലാം ഒരുമിച്ച്‌ നിന്നുവെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍ ഭരണഘടനക്ക് വലിയ വെല്ലുവിളിയാണ് ദേശീയ പൌരത്വ ഭേദഗതി നിയമം. ഇന്ത്യയിലെ ബിജെപിക്കെതിരെ ഒരുമിച്ച്‌ നിന്നുള്ള പോരാട്ടം തുടരുമെന്നും ചിദംബരം കൂട്ടിച്ചേര്‍ക്കുന്നു.

ശ്രീലങ്കക്കാരെയും റോഹിങ്ക്യകളെയുമാണ് ലക്ഷ്യംവെക്കുന്നത്. പാകിസ്താനില്‍ കഴിഞ്ഞ 70 വര്‍ഷത്തോളമായി അഹ്മദിയകളാണ് ഇരയാക്കപ്പെടുന്നത്. അവരാണ് ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗം. ഐക്യരാഷ്ട്രസഭ പോലും ശ്രദ്ധ ചെലുത്തിയ വിഷയമാണിത്. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. അണ്ണാ ഡിഎംകെയെ വിമര്‍ശിച്ച ചിദംബരം പാര്‍ട്ടിക്ക് ഒരു വിഷയത്തിലും ഒരു നിലപാടുമില്ലെന്നും മുതിര്‍ന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കുക മാത്രമാണെന്നും കുറ്റപ്പെടുത്തി.

രാജ്യത്തെ തടവറകളെക്കുറിച്ച്‌ പ്രതികരിച്ച ചിദംബരം ഇന്ത്യയെ ജര്‍മനിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. രണ്ട് മാസങ്ങള്‍ക്ക് മുമ്ബ് പത്രങ്ങള്‍ ഇതെക്കുറിച്ച്‌ റിപ്പോര്‍ട്ട് വന്നിരുന്നു. 3000 പേരെ താങ്ങാന്‍ കഴിയുന്ന ഓരോ ക്യാമ്ബിന് 40 കോടി വീതമാണ് ചെലവഴിച്ചിരുന്നത്. പ്രധാനമന്ത്രി ഫോണെടുത്ത് ഇന്റലിജന്‍സ് ബ്യൂറോയെ വിളിച്ച്‌ ചിത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിന് ലഭിക്കുമെന്നും ചിദംബരം പറയുന്നു.