ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഡിസംബര്‍ 14-നു സംഘടിപ്പിച്ച റാലി വന്‍ വിജയമായി. നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ച് വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷമുണ്ടാക്കിയിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൊഴിലില്ലായ്മ അങ്ങേയറ്റം വര്‍ധിച്ചു. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച്, അവരുടെ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍, രാജ്യത്തെ സമ്പദ്ഘടനയുടെ തകര്‍ച്ച എന്നിവയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഏകദേശം നൂറ്റമ്പതോളം പേര്‍ കോണ്‍സുലേറ്റിനു മുന്നില്‍ “മോദി ഹഡാവോ ഭാരത് ബച്ചാവോ’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുക്കുകയുണ്ടായി. രാജ്യത്തിന്റെ സമ്പദ്ഘടന, പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റാലി സംഘടിപ്പിച്ചത്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, തകര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് എടുത്തുപറഞ്ഞു. 2016-ല്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനെന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കി. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ, ജനങ്ങളെ വിഭജിപ്പിച്ച് തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ്, ഇന്ത്യയിലെ ഫാക്ടറികളുടെ വളര്‍ച്ചാ മാന്ദ്യത്തെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകരാറിലാണെന്നും അഭിപ്രായപ്പെട്ടു.

ജനറല്‍ സെക്രട്ടറി രാജേന്ദര്‍ ഡിച്ചാപ്പള്ളി യുവാക്കളുടെ തൊഴിലില്ലായ്മ അങ്ങേയറ്റം വര്‍ധിച്ചതായും, രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന മോഹന വാഗ്ദാനം കാറ്റില്‍ പറന്നുപോയതായി പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട്, സഹോദരിമാര്‍ക്കെതിരേയുള്ള അതി നിന്ദ്യവും ക്രൂരവുമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് ഖേദം പ്രകടിപ്പിച്ചു. അമ്മമാര്‍, സഹോദരിമാര്‍, പെണ്‍കുട്ടികള്‍ എന്നിവരുടെ ദുസ്ഥിതിക്കെതിരേ പോരാട്ടം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.

വിവിധ ഐ.ഒ.സി ചാപ്റ്ററുകളിലെ നേതാക്കന്മാര്‍ റാലിയില്‍ പങ്കെടുത്ത് മുദ്രാവാക്യങ്ങള്‍ മുഴക്കി. മാധ്യമങ്ങളായ കേരള ടൈംസിനെ പ്രതിനിധീകരിച്ച് ബിജുവിനും, കൈരളി ടിവിയെ പ്രതിനിധീകരിച്ച് ജേക്കബ് മാനുവേലിനും ഐ.ഒ.സി നേതാക്കള്‍ പ്രത്യേകം കൃതജ്ഞതയര്‍പ്പിച്ചു. നന്മ എന്ന സംഘടനയെ പ്രതിനിധീകരിച്ച് റാലിയില്‍ സംബന്ധിച്ച കബിര്‍, ഷബീര്‍, അസ്‌ലാം, ഏജാസ്, നൗഷാദ്, സമദ്, പൊനെരി, അബ്ദുള്‍, അച്ചാരു ജേക്കബ് എന്നിവരോടുള്ള നന്ദിയും രേഖപ്പെടുത്തി.