ജിദ്ദ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ വധിച്ച കേസില്‍ അഞ്ചുപേര്‍ക്ക്​ വധ ശിക്ഷ വിധിച്ചു. സൗദി പബ്ലിക്​ പ്രോസിക്യൂഷനാണ്​ ഇതറിയിച്ചത്​. കൊലപാതകത്തില്‍ നേരിട്ട്​ പ​െങ്കടുത്ത അഞ്ചു പേര്‍ക്കാണ്​ വധശിക്ഷ. മൂന്ന്​ പേര്‍ക്ക്​ 24 വര്‍ഷത്തെ തടവ്​ ശിക്ഷയും വിധിച്ചിട്ടുണ്ട്​. ഇസ്​താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ജമാല്‍ ഖശോഗിയെ മൃഗീയമായി കൊലപ്പെടുത്തി എന്നാണ്​ കേസ്​. 2018 ഒക്​ടോബര്‍ രണ്ടിനായിരുന്നു സംഭവം. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

മുന്‍ ഡെപ്യൂട്ടി ഇന്‍റലിജന്‍സ്​ മേധാവി അഹമദ്​ അസീരി കേസില്‍ പ്രതിയായിരുന്നെങ്കിലും തെളിവില്ലാത്തിനാല്‍​ വിട്ടയച്ചിരുന്നു. കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂന്ന് പേരെ 24 വര്‍ഷം തടവിനും ശിക്ഷിച്ചു. കേസില്‍ ഉള്‍പെട്ട റോയല്‍ കോര്‍ട്ട് ഉപദേശ്​ടാവ് സഊദ് അല്‍ കഹാത്താനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.

സംഭവത്തില്‍ സൗദിയും തുര്‍ക്കിയും സ്വന്തം നിലക്കും യു. എന്‍ മനുഷ്യാവകാശ കമീഷനും അന്വേഷണം നടത്തിയിരുന്നു. കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന 21 പേരില്‍ 11 പേരുടെ അറസ്റ്റ് സൗദി അറേബ്യ രേഖപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അ‍ഞ്ച് പേര്‍ക്ക് വധശിക്ഷക്ക് പ്രോസിക്യൂഷന്‍ റോയല്‍ കോര്‍ട്ടിനോട് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സൗദി ഭരണാധികാരികളുടെ വിമര്‍ശകനായ ഖശോഗിയെ രാജ്യത്തെത്തിക്കാനായിരുന്നു രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉപ മേധാവിയുടെ നിര്‍ദേശം. യു എസില്‍ താമസക്കാരനായ ഖശോഗി ഈ സമയം തുര്‍ക്കിയിലുണ്ടായിരുന്നു. തുര്‍ക്കി സ്വദേശിനിയുമായുള്ള വിവാഹ രേഖകള്‍ ശരിയാക്കാനായി കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ഇദ്ദേഹത്തോട് സൗദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. നിഷേധിച്ചതോടെ പ്രതികള്‍ കൊന്ന് കഷ്ണങ്ങളാക്കി ഏജന്‍റിന് കൈമാറിയെന്നാണ് കേസ്. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഖശോഗിയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. കൊലപാതകത്തില്‍ അന്താരാഷ്​ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ്​ ഇതി​​െന്‍റ പേരില്‍ ഉണ്ടായത്​.