തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മുമായി യോജിച്ചു സമരം ചെയ്യാനാവില്ലെന്ന നിലപാടില്‍ ഉറച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഷുഹൈബിനെയും അരിയില്‍ ഷുക്കൂറിനെയും പോലെയുള്ള മുസ്ലിം യുവാക്കളെ കൊന്നുതള്ളിയ ഒരു പാര്‍ട്ടിയുമായി എങ്ങനെ ഒരുമിച്ചു നില്‍ക്കാനാവുമെന്ന് മുല്ലപ്പള്ളി ചോദിച്ചു. യോജിച്ച പ്രക്ഷോഭത്തിന് എതിരായ മുല്ലപ്പള്ളിയുടെ നിലപാട് കോണ്‍ഗ്രസില്‍ തന്നെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് അഭിപ്രായം ആവര്‍ത്തിച്ചത്.

ലോക്‌സഭാ തെഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ചുനില്‍ക്കാമന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം തള്ളിയത് പിണറായി വിജയനും സിപിഎം കേന്ദ്ര നേതൃത്വത്തിലെ അദ്ദേഹത്തിന്റെ കൂട്ടാളികളുമാണ്. സീതാറാം യെച്ചൂരിയെയും സുധാകര്‍ റെഡ്ഡിയെയും പോലുള്ള ഇടതു നേതാക്കള്‍ ഒന്നിച്ചുനില്‍ക്കുന്നതിനെ അനുകൂലിച്ചു മുന്നോട്ടുവന്നപ്പോഴായിരുന്നു അത്. അന്നില്ലാത്ത യോജിപ്പ് സിപിഎമ്മുമായി ഇപ്പോള്‍ എന്തിനാണെന്ന് മുല്ലപ്പള്ളി ചോദിച്ചു.

ഷുഹൈബിനെയും അരിയില്‍ ഷുക്കൂറിനെയും പോലെയുള്ള മുസ്ലിം യുവാക്കളെ കൊന്നുതള്ളിയത് സിപിഎമ്മുകാരാണ്. കാസര്‍ക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതും അവരാണ്. ഇങ്ങനെയുള്ള ഒരു പാര്‍ട്ടിയുമായി എങ്ങനെയാണ് ഒന്നിച്ചുനില്‍ക്കുക? തനിക്ക് ഇതു മനസ്സിലാവുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മുമായി യോജിച്ച സമരം സാധ്യമല്ലെന്നാണ് തന്റെ ബോധ്യമെന്ന് മുല്ലപ്പള്ളി വ്യ്ക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയില്‍ ഒന്നിച്ചുള്ള സമരത്തിന് എതിരായ മുല്ലപ്പള്ളിയുടെ നിലപാടു തള്ളി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നേരത്തെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഇന്നലെ വിഡി സതീശന്‍ യോജിച്ചുള്ള സമരത്തെ ശക്തമായി പിന്തുണച്ച്‌ അഭിപ്രായ പ്രകടനം നടത്തി.