കോഴിക്കോട്: പരശുറാം എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശമം നടന്നതായി സംശയം. അയനിക്കാട് പെട്രോള്‍ പമ്ബിന് പിന്‍ഭാഗത്തുളള റെയില്‍പ്പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ചത് ഇതിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു. സാമൂഹ്യ വിരുദ്ധര്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചതായി ലോക്കോ പൈലറ്റ് പരാതി നല്‍കി. ഇതേ തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരശുറാം എക്‌സ്പ്രസ് ലോക്കോ പൈലറ്റിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വടകര, അയനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയിലാണെന്ന് കണ്ടെത്തി. ഇരുപതോളം ക്ലിപ്പുകളാണ് വേര്‍പ്പെട്ട നിലയില്‍ കണ്ടത്. കൂടാതെ പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തിവച്ചിരുന്നതായും ശ്രദ്ധയില്‍പ്പെട്ടു.

ഇതിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശനിയാഴ്ച്ച ട്രെയിന്‍ മംഗലാപുരത്തേയ്ക്ക് പോകുന്നതിനിടയിലാണ് പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് സംശയം തോന്നിയത്. ട്രെയിന്‍ നന്നായി ഇളകിയിരുന്നു.

പാളത്തിന് എന്തോ പ്രശ്‌നമുള്ളതായും തോന്നി. ഇതേ തുടര്‍ന്ന് തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയിച്ചാണ് ലോക്കോ പൈലറ്റ് തുടര്‍ന്നുള്ള യാത്ര നടത്തിയത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.