ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി മുസ്‍ലിംകള്‍ക്കെതിരായ നിയമമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഒരു മുസ്‍ലിമിനെയും തടവറയില്‍ പാര്‍പ്പിക്കില്ല. കോണ്‍ഗ്രസും അര്‍ബന്‍ നക്സലുകളും ചേര്‍ന്ന് തടവറ സംബന്ധിച്ച്‌ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. എന്‍.ആര്‍.സി എന്ന വാക്ക് പോലും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് വിശദീകരണവുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്. ഡല്‍ഹിയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ ഏകത്വമെന്ന മുദ്രാവാക്യം മുഴക്കിയാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച മുസ്‍ലിംകള്‍ ഭാരത മാതാവിന്‍റെ സന്താനങ്ങളാണെന്ന് മോദി പറഞ്ഞു.

മന്‍മോഹന്‍സിങും പ്രകാശ് കാരാട്ടും മമതാ ബാനര്‍ജിയും വരെ ആവശ്യപ്പെട്ട ഭേദഗതിയാണ് കൊണ്ടുവന്നത്. അത് ഏതെങ്കിലും മതവിഭാഗത്തിന് വേണ്ടിയുള്ളതല്ല. അഭയാര്‍ത്ഥികളായെത്തിയ ദലിതര്‍ക്ക് വേണ്ടിയാണ് നിയമം. ചില ദലിത് നേതാക്കള്‍ പോലും തെറ്റിദ്ധാരണയാല്‍ നിയമത്തിനെതിരെ നിലകൊള്ളുന്നുവെന്നും മോദി പറഞ്ഞു.