നടനും ഗായകനുമായി മലയാളികളുടെ മനസിലിടം നേടിയ സിദ്ധാര്‍ത്ഥ് മേനോന്‍ വിവാഹിതനായി. ഇന്ന് വിവാഹിതനാകുകയാണെന്ന് അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മറാത്തി സിനിമാ താരവും നര്‍ത്തകിയുമായ തന്‍വി പാലവ് ആണ് സിദ്ധാര്‍ത്ഥിന്റെ വധു. മുംബൈ സ്വദേശിയായ തന്‍വിയുമായി താരം ഏറെ നാളായി പ്രണയത്തിലായിരുന്നു. തന്‍വിയുടെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും പങ്കുവച്ചായിരുന്നു സിദ്ധാര്‍ത്ഥ് വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം അറിയിച്ചത്.

‘എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടെതാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, ഇന്ന് ഞാനെന്റെ ഉറ്റസുഹൃത്തിനെ വിവാഹം ചെയ്യുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലെത്തയും പാര്‍ട്ണര്‍ ഇന്‍ ക്രൈം’, സിദ്ധാര്‍ത്ഥ്് കുറിച്ചു. കേരളത്തിനും പുറത്തും പ്രശസ്തമായ പ്രമുഖ മ്യൂസിക് ബാന്‍ഡ് തൈക്കൂടം ബ്രിഡ്ജിലൂടെ ആരാധകരുടെ പ്രിയഗായകനായി മാറിയത്. നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് സിനിമാ പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു. ഇതുവരെ പത്തോളം സിനിമകളിലായി പന്ത്രണ്ടോളം പാട്ടുകള്‍ സിദ്ധാര്‍ത്ഥ് ആലപിച്ചിട്ടുണ്ട്. വികെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് അഭിനയ മേഖലയിലും കൈവെച്ചു. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളായി പത്തോളം സിനിമകളിലും താരം വേഷമിട്ടു. തൃശ്ശൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്.